ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എന്‍ വാസവന്‍ ഈ മാസം 30ന് തറക്കലിടും. റിലയന്‍സ് ചെയര്‍മാനായ മുകേഷ് അംബാനി ആശുപത്രി നിര്‍മാണത്തിനായി 56 കോടി രൂപ നല്‍കാമെന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ അറിയിച്ചിരുന്നു.. ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് ഭാഗത്ത് രണ്ടരയേക്കറിലാണ് ആശുപത്രി ഒരുങ്ങുന്നത്. ഒരു ലക്ഷം ചതുരശ്രയടിയില്‍ നാലുനിലകളിലായാണ് ആശുപത്രി പണികഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ടുള്ള ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനമാണ് ആശുപത്രിയുടെ രൂപരേഖ തയ്യാറാക്കിയത്.
ആശുപത്രിയുടെ രൂപരേഖ അംബാനി ഗ്രൂപ്പിന് നല്‍കിയിട്ടുണ്ട്. ആശുപത്രിയുടെ നിര്‍മാണത്തിനുള്ള തടസങ്ങള്‍ മാറിയ സാഹചര്യത്തില്‍, അംബാനി ഗ്രൂപ്പ് തുക നല്‍കുമെന്നാണ് അറിയുന്നത്. ഈ തുക ആശുപത്രിക്കെട്ടിട നിര്‍മാണത്തിന് മാത്രമാണ്. ബാക്കി തുക ദേവസ്വം ബോര്‍ഡ് ചെലവഴിക്കും.