ഹരിപ്പാട് (Harippad) : സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി അമ്മ. (The mother of a young woman has filed a police complaint after the groom’s family refused to allow her to wear imitation jewelry along with gold.) വിവാഹവുമായി ബന്ധപ്പെട്ട ഹല്‍ദി ചടങ്ങ് ദിവസമാണ് പരാതിക്കാസ്പദമായ സംഭവം. വരന്റെ വീട്ടുകാര്‍ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ അമ്മ കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്.
ഹല്‍ദി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വരന്റെ വീട്ടുകാര്‍ വീട്ടിലെത്തുകയും വിവാഹദിവസം മണ്ഡപത്തില്‍ എത്തുമ്പോള്‍ വധു സ്വര്‍ണ്ണം ധരിക്കണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. സ്വര്‍ണം അണിയിച്ച് വിവാഹത്തിന് ഇറക്കിയില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് അമ്മയുടെ പരാതി. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഹല്‍ദി ചടങ്ങിനെത്തിയവരുടെ മുന്നില്‍ വെച്ചായിരുന്നു ഭീഷണി. തര്‍ക്കത്തെ തുടര്‍ന്ന് ഹല്‍ദി ആഘോഷവും ഉപേക്ഷിക്കുകയുണ്ടായി. സംഭവത്തില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനിടെയാണ് തനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചത്. വിവാഹ നിശ്ചയം നടത്തുന്ന ഘട്ടത്തില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 15 പവന്‍ ആഭരണങ്ങള്‍ക്ക് പുറമെ ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വരന്റെ കുടുംബത്തെ വധുവിന്റെ അമ്മ അറിയിച്ചിരുന്നു. വരന്റെ വീട്ടുകാര്‍ കല്യാണച്ചെലവിനായി പണവും ആഭരണങ്ങളും വാങ്ങിയിരുന്നതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. 50,000 രൂപയും നാലരപ്പവന്റെ മലയുമാണ് വാങ്ങിയത്. ഇവയും നിശ്ചയത്തിനും കല്യാണ ഒരുക്കങ്ങള്‍ക്കും മറ്റും ചെലവായ തുകയും അടക്കം മടക്കിക്കിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.