തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍നിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്ന മരണം സംഭവിച്ചു. പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍നിന്ന് കുഴിമന്തി പാര്‍സല്‍ വാങ്ങിച്ച് കഴിച്ച നൂറോളം പേര്‍ക്കാണ് വയറിളക്കവും ചര്‍ദ്ദിയും അസ്വസ്ഥതകളും ഉണ്ടായത്. ഭക്ഷണം കഴിച്ച കയ്പമംഗലം സ്വദേശികളെല്ലാം ചികിത്സയിലാണ്.
കുഴിമന്തിയോടൊപ്പം കഴിച്ച മയോണൈസാണ് വില്ലെനെന്നാണ് ആരോഗ്യവകുപ്പിന്റെയും ഫുഡ്‌സേഫ്റ്റി അധികൃതരുടെയും പ്രാഥമിക നിഗമനം. ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷണ വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനാകൂ. ഫലം വരാന്‍ രണ്ടാഴ്ചയെടുക്കുമെന്നാണ് സൂചന. പച്ചമുട്ട കൊണ്ടുളള മയോണൈസ് സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പാസ്ചുറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.