മഞ്ചേരി (Manjeri) : കനത്തമഴ പെയ്തതോടെ റോഡിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽലത്തീഫിന്റെയും സഫിയയുടെയും മകൻ ഹംദാനാണ് (12) മരിച്ചത്.
അപകടത്തിൽ ലത്തീഫിന്റെ സഹോദരി ഹസീനാബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മഞ്ചേരിക്ക് സമീപം പാണ്ടിക്കാട്ടുനിന്ന് അരീക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിനുപോയതായിരുന്നു ഹംദാൻ. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. സ്‌കൂൾ തുറക്കാനിരിക്കെ സ്വന്തം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് അപകടം.
ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹംദാനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനാബാനുവും ഹിസയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച ചെങ്ങര ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും. മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ബാസിൽ, റംസി, ദാനിയ.