തൃശൂര്‍ : രണ്ടര വര്‍ഷമായി അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന കൊടുകുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്നും പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ കോടതിയിലേക്ക് കൊണ്ടുപോകും എന്നറിയാവുന്ന ബാലമുരുകന്‍ പുറത്തു ചാടാനുള്ള തക്കംപാര്‍ത്ത് തയ്യാറെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ അതി സുരക്ഷ ജയിലിനടുത്ത് എത്തിയപ്പോഴാണ് വാനിന്റെ ഇടതുവശത്തെ ഡോര്‍ തുറന്ന് ചാടി രക്ഷപ്പെട്ടത്.
പെട്ടെന്നുണ്ടായ നീക്കത്തില്‍ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് തടയാന്‍ കഴിഞ്ഞില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. 2023 സെപ്റ്റംബര്‍ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ആയിരുന്നു ഇയാള്‍. പോലീസിന് ആക്രമിച്ച മുന്‍പും ഇയാള്‍ ജയില്‍ ചാടിയിട്ടുണ്ട്. ബാലമുരുകനായി വീണ്ടും വല വിരിച്ചു കഴിഞ്ഞു പോലീസ്. രക്ഷപ്പെട്ട പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.