എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി , പദവിയിൽ നിന്നും മാറ്റില്ല; പി ശശിക്കെതിരെയും നടപടിയുണ്ടാവില്ല

Written by Taniniram

Published on:

എഡിജിപി എം.ആര്‍. അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് തീരുമാനം. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിക്കും.

ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും.

ആരോപണവിധേയനായ എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തില്‍നിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. അന്‍വറിന്റെ ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആര്‍. അജിത്കുമാര്‍തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നടന്ന കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആര്‍. അജിത്കുമാറും ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. ഇതും മുഖ്യമന്ത്രിയെ സ്വാധീനിച്ച നിര്‍ണ്ണായക ചര്‍ച്ചയായി മാറിയിട്ടുണ്ട്.

എസ് പി സുജിത് ദാസിനെ പത്തനംതിട്ടിയില്‍ നിന്നും മാറ്റുകയും ചെയ്തു. പ്രത്യക്ഷ തെളിവുണ്ടായിട്ടും സുജിത് ദാസിന് സസ്പെന്‍ഷനില്ല. ഇതോടെ അന്‍വറിന്റെ ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന സന്ദേശമാണ് വരുന്നത്. എഡിജിപി അജിത് കുമാര്‍ തന്റെ വിശ്വസ്തനാണെന്ന സന്ദേശം കൂടി നല്‍കുകയാണ് മുഖ്യമന്ത്രി. കൂടാതെ
അജിത് കുമാറിനെ മാറ്റിയാല്‍ പി.ശശിയെ മാറ്റാനുള്ള ആവശ്യമുയരും. അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും എന്നും മുഖ്യമന്ത്രി കരുതുന്നു.

Related News

Related News

Leave a Comment