ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും പണമെടുത്ത് കേസ് നടത്തുന്നത് വിലക്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്ഭവന്‍ വിസിമാര്‍ക്ക് നല്‍കി.കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിവിധ സര്‍വ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചതിനാണ് ഇത്രയും വലിയ തുക വിസിമാര്‍ ചിലവഴിച്ചിരിക്കുന്നത്.
ധനദുര്‍വിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാര്‍ ഉടനടി തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യാനുമാണ് ഗവര്‍ണരുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവര്‍ണറുടെ സെക്രട്ടറി എല്ലാ വിസിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി. വിസിമാര്‍ ചെലവഴിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കണ്ണൂര്‍ വിസിയായിരുന്ന ഡോ: ഗോപിനാഥ് രവിന്ദന്‍ 69 ലക്ഷം രൂപയും, കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും, സാങ്കേതി സര്‍വ്വകലാശാല വിസിയായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എന്‍. മധുസൂദനന്‍ 77,500 രൂപയും,മലയാളം സര്‍വകലാശാല വിസിയായിരുന്ന ഡോ: വി.അനില്‍കുമാര്‍ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും ചെലവിട്ടിട്ടുണ്ട്.