ജവഹര്‍നഗര്‍ ഭൂമിയിടപാട് കേസില്‍ വ്യാജവാര്‍ത്തള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കേസിലെ പ്രതിയായ അനന്തപുരി മണികണ്ഠന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ പ്രതികരണമുണ്ടായിരിക്കുന്നത്. ‘ മൂന്ന് പതിറ്റാണ്ടായി ആധാരമെഴുത്തു മേഖലയില്‍ തൊഴില്‍ എടുത്ത് ഉപജീവനം നടത്തുന്ന വ്യക്തിയാണ് ഞാന്‍.
ജവഹര്‍ നഗര്‍ ഭൂമി യിടപാടിനെ കുറിച്ച് എനിക്കും കുടുംബത്തിനും എതിരെ വരുന്ന തെറ്റായ വാര്‍ത്തകളെ സംബന്ധിച്ച് ഞാന്‍ ഇത് വരയെയും മൗനം പാലിച്ചിച്ചിരുന്നു.
ബഹുമാനപ്പെട്ട കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് കൂടുതല്‍ പ്രതി കരിക്കാത്തത്, അത് മൗനം സമ്മതമാണെന്ന് ആരും ധരിക്കരുത്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെയും അതുപോലെ അത് പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകും… ഇല്ലാ കഥകള്‍ മെനെയുന്നവര്‍ ആലോചിക്കുക ഇന്ന് ഞാന്‍ നാളെ നീ… ഈ വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചു എന്റെ അഭിപ്രായങ്ങള്‍ പൊതുജന മധ്യത്തില്‍ എത്തിക്കുകയും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ വ്യക്തികള്‍ക്കും പത്ര ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും നിയനടപടികളുമായി മുന്നോട്ട് പോകുവാനും ആലോചിക്കുകയാണ്.’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ജവഹര്‍നഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ തട്ടിയെടുത്തതാണ് കേസ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തന്നാണ് പരാതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ പിടിയിലായ കൊല്ലം സ്വദേശി മെറിന്റെയും വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാര്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെത്തിച്ചു. ക്യാന്‍സര്‍ രോഗിയാണ് വസന്ത. ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായ ആള്‍മാറാട്ടം നടത്തിയ മെറിന്‍ ഒരു എന്‍.ജി.ഒ നടത്തുന്നുണ്ട്. ഇതിന്റെ രജിസ്‌ട്രേഷന് സഹായം നല്‍കിയത് മണികണ്ഠനാണ്. ഈ പരിചയം ഉപയോഗിച്ചാണ് ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതെന്നാണ് പൊലീസ് ആരോപണം.


