തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ബന്ധുക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുളള പെണ്‍കുട്ടി ശക്തമായ സൈബര്‍ ആക്രമണത്തിന് ഇരയായതാണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോഴും ധാരാളം അധിക്ഷേപ കമന്റുകളുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളിടുന്ന മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായത്.
മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. മാറ്റാരെയും കുറ്റപ്പെടുത്തിയില്ല. പ്ലസ് ടു പരീക്ഷ തോറ്റതില്‍ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.