മുംബൈ (Mumbai) : ദീപാവലി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മധുര പലഹാരങ്ങളെ കുറിച്ചാകും എല്ലാവരുടേയും ചിന്ത. ദീപാവലി ദിവസങ്ങളില്‍ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കുക പതിവാണ്. അത്തരത്തില്‍ നല്‍കാവുന്ന പലഹാരങ്ങളാണ് രസഗുള, രസ് മലായ്, ഗുലാബ് ജാമുന്‍, കാജൂ കട്ട്‌ലി, കലാ കാന്ത്, സോന്‍ പപ്പടി, റവ ലഡ്ഡു, ബസീന്‍ ലഡ്ഡു, ജിലേബി, മൈസൂര്‍ പാവ്, ചംചം, ഹല്‍വ, ദൂദ് പേഡ, മില്‍ക്ക് ബര്‍ഫി, ബാദുഷ എന്നിങ്ങനെയുള്ളവ.
മധുരത്തോടൊപ്പം എരിവ് കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഉണ്ട്. അത്തരക്കാര്‍ക്ക് വിവിധ തരം മിക്‌സര്‍, ഖാട്ടിയ, മുറുക്ക് ,പക്കവട, സേവ, ദാല്‍ ഫ്രൈ എന്നിവ വാങ്ങാവുന്നതാണ്. ദീപാവലിക്കാലത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കും എല്ലാം നല്‍കാവുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് ദീപാവലി സ്വീറ്റ്‌സ്. കടകളിലെല്ലാം ദീപാവലി സ്വീറ്റ്‌സ് ലഭ്യമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കേരളത്തില്‍ വടക്കന്‍ കേരളത്തിലാണ് ദീപാവലി സജീവമായി ആഘോഷിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലായിടത്തും ആഘോഷങ്ങള്‍ പതിവാണ്. മറുനാട്ടില്‍ നിന്നും കേരളത്തിലേക്ക് ജോലിക്കായി എത്തുന്നവരുടെ എണ്ണം കൂടിയതോടെയാണിത്. നോര്‍ത്ത് ഇന്ത്യയിലെ പോലെ ഇവിടെയും ബിസിനസ്സുകാര്‍ അവരുടെ സ്റ്റാഫിനും മറ്റും ദീപാവലിക്ക് മധുര പലഹാരങ്ങള്‍ സമ്മാനമായി നല്‍കുന്നു.
ദീപാവലിക്ക് മധുര പലഹാരങ്ങള്‍ എന്നതുപോലെ തന്നെ പ്രധാനമാണ് പടക്കങ്ങളും. മാലപ്പടക്കം, ഈര്‍ക്കിലി പടക്കം, കമ്പിത്തിരി, പെന്‍സില്‍, ചാട്ട, ചക്രം പൂക്കുറ്റി, മേശപ്പൂവ്, മത്താപ്പൂവ് തുടങ്ങിയ കരി മരുന്നുകള്‍ ഒക്കെ ആഘോഷത്തില്‍ ഉപയോഗിക്കുന്നു. വീടുകള്‍, ഓഫീസുകള്‍ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചിരാതുകളില്‍ ദീപം തെളിച്ച് ഈ ഉത്സവം ആഘോഷിക്കുന്നു.
രാവണനെ നിഗ്രഹിച്ച ശേഷം സീതാ സമേതനായി അയോധ്യയില്‍ എത്തിയ ശ്രീരാമചന്ദ്രനെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത്തരത്തില്‍ പല ഐതിഹ്യങ്ങളും ദീപാവലിയെ സംബന്ധിച്ചുണ്ട്.