ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ ലോകമെമ്പാടും ആശങ്കയുണ്ടാക്കി. ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് രൂപപ്പെടുന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ തകരാര്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍, ആശയ വിനിമയ പ്രശ്നത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഡെല്‍റ്റ, യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് എയര്‍ലൈനുകളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലത്തിറക്കിയതായി അറിയിച്ചു.
വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യു.എസ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായതെന്നാണ് സൂചന.