പലപ്പോഴും വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് വളർത്തുമൃഗങ്ങളെ ഉടമസ്ഥർ നോക്കുന്നത്. തിരിച്ച് അവരും ആ സ്നേഹം പ്രകടിപ്പിക്കും. പ്രത്യേകിച്ച് വളർത്ത് നായകൾ. വിരളമായി മാത്രമാണ് വളർത്തുമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആറാഴ്ച പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. എസ്ര മൻസൂറെന്ന കുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും, തലച്ചോറിൽ വീക്കം സംഭവിക്കുകയും ചെയ്തു. തുടർന്ന് ആറ് ദിവസം നീണ്ട ചികിത്സയ്ക്കൊടുവിൽ എസ്ര മരണത്തിന് കീഴടങ്ങുകയായിരുന്നു.
എട്ട് വർഷമായി കുടുംബത്തോടൊപ്പം ഈ നായയുണ്ട്. കായികക്ഷമതയിൽ മുന്നിൽ നിൽക്കുന്നെങ്കിലും ഹസ്കികൾ അക്രമ സ്വഭാവമുള്ളവരല്ല. എന്നാൽ മക്കളെ എല്ലാവരും ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങളുടെ സ്വഭാവത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാമെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു.
കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുവെന്നും, അത് മറ്റ് ഏതെങ്കിലും കുഞ്ഞുങ്ങൾക്ക് പ്രയോജനപ്പെടുന്നെങ്കിൽ അതിൽ സന്തോഷമുള്ളൂ എന്നും എസ്രയുടെ അമ്മ കൂട്ടിച്ചേർത്തു.