ഇന്ന് ലോക സുന്ദരി ഐശ്വര്യ റായുടെ അൻപത്തിയൊന്നാം പിറന്നാളാണ്. ലോക സുന്ദരി എന്ന് കേൾക്കുമ്പോൾ ഐശ്വര്യ റായെ അല്ലാതെ മാറ്റാരെയും ചിന്തിക്കാനാക്കില്ല.
മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദരാജ് റായിയുടെയും മകളായി 1973 നവംബർ 1-ന് മംഗലാപുരത്ത് ജനനം. ഒരു നടിയാകുന്നതിന് മുൻപ് തന്നെ മോഡലിംഗ് രംഗത്ത് ഐശ്വര്യ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. തുടർന്ന് 1994-ലെ ലോകസുന്ദരി പട്ടം ഐശ്വര്യയെ തേടിയെത്തി.
1997-ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമാലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. എന്നാൽ ഐശ്വര്യയുടെ ആദ്യ സൂപ്പർ ഹിറ്റ് സിനിമ 1998-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീൻസ്’ ആയിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവച്ചു. ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു.
അതേസമയം, സഞ്ചയ് ലീലാ ബൻസാലിയുടെ ചിത്രമായ “ദേവദാസിലും” ഐശ്വര്യ അഭിനയിച്ചു. ദേവദാസിലെ അഭിനയത്തിനും മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തെ തേടിയെത്തി. തുടർന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും ഐശ്വര്യ റായ് അഭിനയിച്ചു.
1999 കളിൽ ബോളിവുഡ് നടൻ സൽമാൻ ഖാനുമായി നടി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുപോയില്ല. 2002-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടൻ വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ റായ് പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത് 2005-ൽ അവസാനിച്ചു. തുടർന്ന് 2010ൽ ധൂം 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയുമായി പ്രണയത്തിലായി. ഈ പ്രണയം പൂവിടുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ഇന്ന് ഇരുവർക്കും 12 വയസുള്ള ഒരു മകളുണ്ട് ആരാധ്യ ബച്ചൻ.
അതേസമയം, അഭിഷേക് ബച്ചനും ഐശ്വര്യയും വേർപിരിയുന്നുവെന്ന വാർത്തകൾ വർഷങ്ങളായി പ്രചരിക്കുകയാണ്. പല പരിപാടികൾക്കും ഇവർ ഒന്നിച്ചെത്താറില്ല എന്നത് തന്നെയാണ് പ്രധാന കാരണം.