കെന്റക്കി (Kentucky): യുഎസിലെ കെന്റക്കി ((Kentucky)യിലുള്ള ലൂയിസ്‌വില്ല (
Louisville, Kentucky, USA) യിൽ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയ ട്രക്കിൽനിന്നും വനിതാ ഡ്രൈവർക്ക് അദ്ഭുത രക്ഷപ്പെടൽ. നദിയിലേക്ക് തൂങ്ങിനിന്ന ട്രക്കിന്റെ കാബിനിൽനിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ യുവതിയെ പുറത്തെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ലൂയിസ്‌വില്ലയിലെ ഒഹായോ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ഇടിയുടെ അഘാതത്തിൽ ക്രാഷ് ബാരിയർ തകരുകയും ട്രക്കിന്റെ കാബിൻ നദിയിലേക്ക് തൂങ്ങിനിൽക്കുകയുമായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. മുക്കാൽ മണിക്കൂർ കൊണ്ട് ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചെന്ന് അധികൃതർ അറിയിച്ചു. യുവതിക്ക് സാരമായ പരുക്കുകളില്ല.
നദിയിൽനിന്നും ഏകദേശം 75 അടി (23 മീറ്റർ) ഉയരത്തിലാണ് പാലം. ട്രക്ക് പാലത്തിൽ ഉടക്കിനിന്നത് രക്ഷാപ്രവർത്തനം ഏളുപ്പമാക്കി. അപകടത്തെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. രക്ഷാപ്രവർത്തകർക്ക് കമ്പനി നന്ദി പറഞ്ഞു.