വീടും അതുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളുടെയും വസ്‌തുക്കളുടെയും ശുഭാശുഭ ചിന്തനം നടത്തുന്നതാണ് വാസ്‌തുശാസ്‌ത്ര രീതി. വീടിന്റെ സ്ഥാനം, മുറികൾ, വസ്‌തുക്കളുടെ സ്ഥാനം, പുറത്തേക്കും അകത്തേക്കുമുള്ള മുറികൾ, ഈശ്വരാരാധനയ്‌ക്കായി പൂജാമുറി, മൃഗങ്ങൾ, പക്ഷികൾ, വാഹനങ്ങളുടെ സ്ഥാനം തുടങ്ങി ഒരു മനുഷ്യൻ വീടുമായി ബന്ധപ്പെടുന്ന എന്തിലും വാസ്‌തു പ്രകാരം കൃത്യമായ തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
നാം എല്ലാവരും വീടുകളിൽ പക്ഷിമൃഗാദികളെ വളർത്താറുള്ളവരാണ്. പക്ഷെ ഇവയല്ലാതെ ചിലപ്പോഴേങ്കിലും പക്ഷിമൃഗാദികൾ സ്വന്തം ഇഷ്‌ടപ്രകാരം നിങ്ങളുടെ വീട്ടിലെത്തിയാൽ നല്ലതാണോ എന്ന് നോക്കാം. വാസ്‌തു വിദഗ്ദ്ധർ അക്കാര്യങ്ങളിൽ ലക്ഷണമനുസരിച്ച് ചില സൂചനകൾ നൽകുന്നു.നമ്മുടെ നാട്ടിലെങ്ങും എപ്പോഴും കാണപ്പെടുന്ന പക്ഷിയാണ് കാക്ക. വീടിനടുത്ത് മരക്കൊമ്പുകളിൽ വന്നിരുന്ന് കരയുകയും മരങ്ങളിൽ കൂടുവയ്‌ക്കുകയുമെല്ലാം കാക്ക ചെയ്യാറുണ്ട്.
എന്നാൽ വളരെ അപൂർവമായി ഇവ മനുഷ്യവാസമുള്ള വീടുകളിലേക്ക് കടന്നുവരാറുണ്ട്. ഇത്തരത്തിൽ വന്നാൽ ഫലമെന്തെന്ന് വാസ്‌തു ആചാര്യർ പറയുന്നത് നോക്കാം.കാക്ക നിങ്ങളുടെ വീട്ടിലെ ധാന്യങ്ങളോ ആഹാരസാധനമോ കൊത്തി പുറത്തേക്ക് പോയാൽ അത് ദാരിദ്രമാണ് സൂചന നൽകുന്നത്. അതേസമയം കാക്ക എവിടെനിന്നെങ്കിലും കൊണ്ടുവന്ന മാംസകഷ്ണം വീട്ടിലിട്ടാൽ വളരെയധികം ഭാഗ്യം വരുമെന്ന് വിശ്വസിക്കപ്പെടുന്നു. മധുരപലഹാരം കൊണ്ടുവന്നാലും ഇതുപോലെ ഭാഗ്യം വരുമെന്നാണ് വിശ്വാസം.
നമ്മുടെ ദേശീയപക്ഷിയായ മയിലുമായി ബന്ധപ്പെട്ടും ഇത്തരമൊരു വിശ്വാസമുണ്ട്. മയിലുകൾ ഭഗവാൻ മുരുകന്റെ വാഹനമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മയിലുകൾ വീട്ടിലെത്തിയാൽ ശത്രുനാശവും സമ്പത്ത് കൈവരാൻ അവസരവുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മയിൽപീലി വീട്ടിൽ സ്വീകരണ മുറിയിൽ വച്ചാൽ ക്ഷുദ്രജീവി ആക്രമണം ഉണ്ടാകില്ല. ദമ്പതികൾ തമ്മിലെ പ്രശ്‌നം ഇല്ലാതാകാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മംഗളകാര്യങ്ങൾക്ക് പുറപ്പെടുമ്പോൾ മയിലിനെ കാണുക അവ വിജയിക്കാൻ കാരണമാകും എന്ന് കരുതപ്പെടുന്നു.