പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ…

Written by Web Desk1

Published on:

നല്ല ആരോഗ്യത്തിന് ഗുണങ്ങളേറിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ പല പഴങ്ങളും നമ്മൾ സ്ഥിരമായി കഴിക്കാറുണ്ടെങ്കിലും പൊതുവെ പലരും അവഗണിക്കുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പേരയ്ക്ക ഔഷധങ്ങളുടെ കലവറയാണ്. ഉയർന്ന തോതിൽ വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2,ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി ആണ് അടങ്ങിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ ദിവസേന ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് അത്യുത്തമമാണ്. പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് മാത്രമല്ല രക്തത്തിൽ കൊഴുപ്പടിയുന്നത് തടയുകയും ചെയ്യും.

ആരോഗ്യസംബന്ധമായ പലവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പേരയ്ക്കയ്ക്ക് സാധിക്കും. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, ചർമ്മത്തെ സംരക്ഷിക്കുക, ദഹനസംബന്ധമായ പ്രശ്‍നങ്ങൾ കുറയ്ക്കുക എന്നിങ്ങനെ പോകുന്നു പേരയ്ക്കയുടെ ഗുണങ്ങൾ. വെറുംവയറ്റിൽ പേരക്ക കഴിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കാൻ സഹായിക്കും. എന്നാൽ തണുത്ത ഫലമായതിനാൽ ചിലർക്ക് വെറുംവയറ്റിൽ കഴിക്കുമ്പോൾ ജലദോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സമയത്ത് ഗ്യാസിന്റെ പ്രശ്നവുമുണ്ടാകാം. അതിനാൽ ഇത്തരം സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വെറുംവയറ്റിൽ പേരയ്ക്ക കഴിക്കണം.

ഗ്യാസും അസിഡിറ്റിയും സ്ഥിരമായി നേരിടുന്നവർക്ക് പേരയ്ക്ക ഒരു മികച്ച പ്രതിവിധിയാണ്. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സായ പേരയ്ക്ക ധാരാളം കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താനുള്ള കഴിവും പേരയ്ക്കക്ക് ഉണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ചശക്തി കുറയുന്നത് തടയുമെന്ന് മാത്രമല്ല , കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. പേരയ്ക്ക ധാരാളമായി കഴിച്ചാൽ വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാനും സാധിക്കും. പതിവായി പേരയ്ക്ക ജ്യൂസ് കുടിക്കുന്നത് പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവ് പരിഹരിക്കാൻ സഹായിക്കും.

പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യമാണ് ചർമ്മ സംരക്ഷണം. ചർമസംരക്ഷണത്തിനും പേരയ്ക്കയുടെ പങ്ക് വളരെ വലുതാണ്. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ചർമ്മത്തെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യും. ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. ഇതിനായി പേരയ്ക്ക ഉപയോഗിച്ച് ഉണ്ടാകുന്ന ഫേസ് മാസ്‌ക്കുകൾ ഉപയോഗിക്കാം. ചർമ്മത്തിലെ മാലിന്യങ്ങളും അഴുക്കും നീക്കി തിളക്കം നൽകാൻ പേരയ്ക്കയിലെ വൈറ്റമിൻസ് സഹായിക്കും. കൂടാതെ ചർമ്മത്തിലെ അലർജി കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും പേരയ്ക്ക വളരെ നല്ലതാണ്. പേരയ്ക്ക ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖത്തുള്ള കുരുക്കളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും.

See also  കണ്ണിന്റെ സുരക്ഷയ്ക്ക് വേണ്ടി നിർബന്ധമായി കഴിക്കേണ്ട ഭക്ഷണങ്ങൾ …..

Leave a Comment