ജീവിതരീതികളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.ജീവിതരീതികൾ എന്ന് പറയുമ്പോൾ ഇതിൽ ആദ്യത്തേത് ഭക്ഷണകാര്യമാണ്. കണ്ണിൻറെ ആരോഗ്യം സംരക്ഷിച്ചുനിർത്തുന്നതിനും, കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഭക്ഷണത്തിൽ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.വൈറ്റമിനുകളിൽ വരുന്ന കുറവ് ആണ് പ്രധാനമായും കണ്ണുകളെ ബാധിക്കുക. ഗ്ലൂക്കോമ, തിമിരം പോലുള്ള രോഗങ്ങളും ക്രമേണ ഇതുമൂലം ബാധിക്കാം.
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാണ് കണ്ണിന് വേണ്ടി നാം ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടത്. അതുപോലെ സിങ്കും ഭക്ഷണത്തിലൂടെ നാം ഉറപ്പിക്കേണ്ടതുണ്ട്. ഉയർന്ന അളവിൽ മധുരമടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്ഡ് ഫുഡ്സ് എന്നിവ പതിവായി കഴിക്കുന്നത് ആകെ ആരോഗ്യത്തിന് ദോഷമാകുന്നതിനൊപ്പം തന്നെ കണ്ണുകൾക്കും ദോഷമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. ഡ്രൈ ഐ, എആർഎംഡി (ഏജ് റിലേറ്റഡ് മാക്യുകലാർ ഡീജനറേഷൻ). തിമിരം, ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ ചെറുക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മീൻ ആണ് ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടം. മത്തി, ചൂര പോലുള്ള മീനുകളെല്ലാം ഏറെ നല്ലത്.
അതുപോലെ നട്ട്സും സീഡ്സും കഴിക്കുന്നതും നല്ലതാണ്. കപ്പലണ്ടി, ബദാം, കശുവണ്ടി, പംകിൻ സീഡ്സ്, സൺഫ്ളവർ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നിവയെല്ലാം ഇത്തരത്തിൽ കഴിക്കാം. വെജിറ്റേറിയനായവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനിവ സഹായകമാകും.
‘ലൂട്ടിൻ’, ‘സീക്സാന്തിൻ’ എന്നിങ്ങനെയുള്ള രണ്ട് ഘടകങ്ങളും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുന്നത് കണ്ണിന് നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും, കാഴ്ചയിലേക്കായി തലച്ചോറിന് നല്ലതുപോലെ പ്രവർത്തിക്കാനുമെല്ലാം സഹായകമാണ് ഇവ. ചീര, മുരിങ്ങ, ലെറ്റൂസ്, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ ആണ് ഇതിനായി കഴിക്കേണ്ടത്.
കണ്ണിൻറെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും വേണ്ട മറ്റ് രണ്ട് ഘടകങ്ങളാണ് ബീറ്റ കെരോട്ടിനും വൈറ്റമിൻ എയും. രാത്രിയിലെ കാഴ്ചക്കുറവ് പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ ഇവ സഹായിക്കും. ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഇവ ലഭിക്കുന്നതിനായി കഴിക്കേണ്ടത്. ക്യാരറ്റ്, മധുരക്കിഴങ്ങ്, മാമ്പഴം, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
വൈറ്റമിൻ-സി, വൈറ്റമിൻ ഇ എന്നിവയാണ് അടുത്തതായി കണ്ണിന് അവശ്യം വേണ്ടത്. ഡ്രൈ ഐ പോലുള്ള പ്രശ്നങ്ങളെ അകറ്റാനും കണ്ണിൻറെ ആരോഗ്യം നിലനിർത്താനുമെല്ലാം ഇവ സഹായിക്കുന്നു. ഇലക്കറികൾ കഴിക്കുന്നതിലൂടെ വൈറ്റമിൻ സി നേടാനാകും. ഇതിന് പുറമെ സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളാണ് ഇതിന് കഴിക്കേണ്ടത്. ഓറഞ്ച്, മധുരനാരങ്ങ, ക്യാപ്സിക്കം, തക്കാളി, സ്ട്രോബെറി എന്നിവയെല്ലാം വൈറ്റമിൻ സിക്കായി കഴിക്കാവുന്നതാണ്. നട്ട്സും സീഡ്സും കഴിക്കുന്നതിലൂടെ ആവശ്യത്തിന് വൈറ്റമിൻ-ഇയും കിട്ടും.
വൈറ്റമിൻ -ഡിയും കണ്ണിന് അവശ്യം വേണ്ടതാണ്. കണ്ണിന് വരുന്ന അലർജിയും അനുബന്ധപ്രശ്നങ്ങളും ഒഴിവാക്കാനും കണ്ണിൻറെ ആരോഗ്യം നിലനിർത്തുന്നതിനും വൈറ്റമിൻ ഡി ഏറെ പ്രയോജനപ്പെടുന്നു. വൈറ്റമിൻ ഡി നമുക്ക് പ്രധാനമായും സൂര്യപ്രകാശത്തിലൂടെയാണ് ലഭിക്കുന്നത്. ദിവസവും നിശ്ചിതസമയം വെയിൽ ഏൽക്കുക എന്നതാണ് ഇതിനുള്ള ഉപാധി.
കണ്ണുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഒരുപാട് ഘടകങ്ങൾ ഒന്നിച്ച് ഉറപ്പിക്കാൻ മുട്ട കഴിച്ചാൽ മതി. വൈറ്റമിൻ എ, ലൂട്ടിൻ, സീക്സാന്തിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, സിങ്ക് എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിരിക്കുന്നു.