കര്‍ശന ഭക്ഷണ നിയന്ത്രണം പാലിക്കുന്നവരോ പൂര്‍ണമായ മധുരമൊഴിവാക്കലിലേക്ക് കടന്നവരോ പോലും ആഘോഷ വേളകളില്‍ ഇത്തരം റൂള്‍സ് ഒന്നും പാലിക്കാറില്ല. ആഘോഷങ്ങളില്‍ കുറച്ചൊക്കെ മധുരം കഴിക്കുന്നതില്‍ ആര്‍ക്കും ദോഷം പറയാനുമാകില്ല. ആഘോഷനാളുകളില്‍ നന്നായി മധുരപലഹാരങ്ങളും ഉയര്‍ന്ന കലോറിയുള്ള ഭക്ഷണവും കഴിച്ച് തടി കൂടിയാലും ആഘോഷം കഴിഞ്ഞുടന്‍ തിരിച്ച് ട്രാക്കിലേക്ക് വന്ന് കൂടിയ ഭാരമൊക്കെ വീണ്ടും എളുപ്പത്തില്‍ കുറച്ചെടുക്കാവുന്നതേയുള്ളൂ. ക്രിസ്മസ്, പുതുവത്സര കാലമൊക്കെ കേക്കും വൈനും ഉള്‍പ്പെടെയുള്ള മധുരങ്ങളുടെ കാലമാണ്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം സന്തോഷിച്ച് മധുരങ്ങള്‍ കഴിച്ചാലും ഷുഗര്‍ ലെവല്‍ വല്ലാതെ കൂടാതിരിക്കാന്‍ ഈ ടിപ്‌സ് കൂടി മനസില്‍ വയ്ക്കാം.
ഇടവേള നല്‍കാം
കിട്ടുന്ന മധുരങ്ങളെല്ലാം അപ്പപ്പോള്‍ തന്നെ തിന്നുതീര്‍ക്കാതെ അവയെയെല്ലാം പ്ലാന്‍ ചെയ്ത് കഴിക്കാന്‍ ശ്രമിക്കാം. ഓരോ മധുരസാധനങ്ങള്‍ കഴിക്കുന്നതിനിടയിലും ഓരോ വന്‍ കലോറി ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനടയിലും നന്നായി ഇടവേള നല്‍കാം.
ഗ്ലൈകമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍
മധുരം ചേര്‍ത്ത ജ്യൂസോ സോഫ്റ്റ് ഡ്രിങ്ക്‌സോ ധാരളമായി കുടിക്കുന്നതിന് പകരമായി ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ ഉദാഹരണത്തിന് ബെറീസ്, ആപ്പിള്‍, ഓറഞ്ച് മുതലായവ കൊണ്ടുണ്ടാക്കിയ സ്മൂത്തികള്‍ കുടിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാം
ഇഷ്ട വിഭവങ്ങള്‍ വീട്ടിലുള്ളപ്പോള്‍ ഇടയ്ക്കിടെ കഴിക്കണമെന്ന് തോന്നുന്ന കൊതി അഥവാ ക്രേവിംഗ്‌സ് മാറ്റാനായി നന്നായി വെള്ളം കുടിക്കാം. തണുപ്പ് സമയമായതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ നമ്മുക്ക് തോന്നാത്തത് അമിതമായ വിശപ്പിലേക്കും ഇതുവഴി അമിതമായ ഭക്ഷണം കഴിയ്ക്കലിനും ഇടയാക്കും.
ഓരോ നേരത്തേയും ഭക്ഷണങ്ങള്‍ പരമാവധി ബാലന്‍സ് ചെയ്യാം
ഓരോ പോഷകങ്ങളും കൃത്യമായി അടങ്ങിയ ഒരു ബാലന്‍സ് മീലാക്കി മാറ്റി ഓരോ നേരവും ഭക്ഷണം കഴിക്കാം. ഉദാഹരണത്തിന് നിങ്ങള്‍ ധാരാളം മാംസ ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം അരിഞ്ഞ പച്ചക്കറികളുള്ള സാലഡുകളും ധാരാളം കഴിക്കുക. ഡെസേര്‍ട്ടായി അരിഞ്ഞ പഴങ്ങളും കഴിച്ച് ഒപ്പം നിങ്ങള്‍ക്ക് കഴിക്കാന്‍ തോന്നുന്ന മധുരപലഹാരങ്ങളും കൂടി കഴിക്കുന്നത് വയര്‍ വളരെ വേഗത്തില്‍ നിറയാനും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തടയാനും ഉപകരിക്കും.
മദ്യപാനം കുറയ്ക്കാം
ആഘോഷങ്ങള്‍ ഇപ്പോള്‍ പൊതുവേ മദ്യപാനത്തിന് കൂടി പലരും പറയുന്ന ന്യായമാകാറുണ്ട്. ഷുഗര്‍ ലെവല്‍ പിടിച്ചുനിര്‍ത്താന്‍ മദ്യപാനം കുറച്ചേ തീരൂ. പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം അളവ് കുറയ്ക്കാന്‍ ശ്രമിക്കുക.