വിവാഹം നടക്കാനിരിക്കവേ മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ പ്രതിശുത വരന്‍ വിഷ്ണുജിത്ത് (Vishnujith missing) എവിടെയെന്നതില്‍ ആര്‍ക്കും ഒരു വിവരവുമില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. അതേസമയം സാമ്പത്തിക ഇടപാടിന്റെ പേരില്‍ സഹോദരനെ ആരെങ്കിലും പിടിച്ചു വക്കുകയോ അപായപ്പെടുത്തുകയോ ചെയ്തോയെന്ന് ആശങ്കയുണ്ടെന്ന് വിഷ്ണു ജിത്തിന്റെ സഹോദരി ജസ്ന പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ യുവാവിന് ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അവസാനം വിളിച്ച ഒരു സുഹൃത്തിനോട് പറഞ്ഞത് എന്തോ ഇഷ്യു ഉണ്ട്, അത് തീര്‍ത്തിട്ട് വരാം എന്നാണ്. ഒരാള്‍ക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ കുറച്ച് സീനാണെന്ന് സഹോദരന്‍ സുഹൃത്തിനെ വിളിച്ച് പറഞ്ഞതായായി ജസ്ന പറഞ്ഞു. കുറച്ച് പണം ഒരാള്‍ക്ക് കൊടുക്കാനുണ്ട്. അത് കൊടുത്തിട്ട് ആ ഇഷ്യു തീര്‍ത്തിട്ട് വരാം എന്നാണ് പറഞ്ഞത്. പണം കൊടുക്കാനെത്തിയപ്പോള്‍ അവിടെ പിടിച്ച് വെച്ചതാകുമെന്നും, പെട്ട് കിടക്കുകയാണെന്ന് ആശങ്കയുണ്ടെന്നും സഹോദരി ജസ്ന പറഞ്ഞു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിനോട് വന്നിട്ട് പറയാം എന്നാണ് മറുപടി നല്‍കിയതെന്നും സഹോദരി പറഞ്ഞു.
അതിനിടെ നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റില്‍ നിന്നും ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. യുവാവ് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ടീമുകളായി തിരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെസാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിഷ്ണുജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കളില്‍ നിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.