പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയും പ്രതി രാഹുലും ഹൈക്കോടതിയില്‍ നേരിട്ടെത്തി. ഇരുവരെയും കൗണ്‍സിലിംഗിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസില്‍ തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ എടുക്കാന്‍ കെല്‍സക്ക് നിര്‍ദേശം നല്‍കി. കൗണ്‍സിലിംഗിന് ശേഷം റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കണം. ആരുടെയും നിര്‍ബന്ധത്താലല്ല പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടസ്സം നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് കോടതി ഇരുവരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.