തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങള്‍ കേരളത്തിന് പുറത്തേക്കും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് പരസ്യത്തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 90 സെക്കന്‍ഡ് ആണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനായി 18,19,843 രൂപ അനുവദിച്ചതായി ഉത്തരവില്‍ പറയുന്നു.
അന്തര്‍സംസ്ഥാന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് തിയറ്റര്‍ പരസ്യങ്ങള്‍ക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സവിശേഷമായ നേട്ടങ്ങള്‍, വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം. തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ ഏജന്‍സികള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.