വയനാടിനൊപ്പം ലാലേട്ടൻ , ദുരിതങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു; മുണ്ടക്കൈ സ്കൂൾ പുതുക്കി പണിയും, മൂന്ന് കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു

Written by Taniniram

Published on:

കല്‍പ്പറ്റ; സൈനിക വേഷത്തില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും സന്ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ദുരന്തത്തിന്റെ തീവ്രത നേരിട്ട് കണ്ട് മനസ്സിലാക്കി. ദുരിതമനുഭവിച്ചവരുടെ വേദനകള്‍ കേട്ട് ഒരു വേള അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്. ഉരുള്‍പ്പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടക്കൈ സ്‌കൂള്‍ പുതുക്കി പണിയുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.

‘ഈ നാടുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പണ്ട് ഇവിടെ ഞങ്ങള്‍ക്കൊരു സ്ഥലമുണ്ടായിരുന്നു. ഏറ്റവും സങ്കടകരമായ കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടു. ആര്‍മിയും പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും എന്തിന് ഒരു കല്ലെടുത്ത് മാറ്റിവച്ച കുട്ടി പോലും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു. ഞാന്‍ ഉള്‍പ്പെടുന്ന മദ്രാസ് ബറ്റാലിയന്‍ ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. മുകളില്‍പ്പോയി കാണുമ്പോഴാണ് വ്യാപ്തി മനസ്സിലാക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കാനാകില്ല. എന്നിരുന്നാലും വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.

Related News

Related News