തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍കാലിക ആശ്വാസം. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഇനി അറസ്റ്റു ഭയം വേണ്ട. ഇവര്‍ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനുവാണ് കേസില്‍ സൗബിനും ഷോണിനും വേണ്ടി ഹാജരായത്.
എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. എറണാകുളം മരട് പൊലീസാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തത്. പണം മുടക്കി സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. പണം നല്‍കാനുണ്ടെന്ന കാര്യം സൗബിനും കുട്ടുകാരനും ഹൈക്കോടതിയില്‍ സമ്മതിച്ചു. തിയേറ്ററില്‍ നിന്നും മറ്റും കിട്ടാനുള്ളത് പൂര്‍ണ്ണമായും കിട്ടിയില്ലെന്നും അതു കിട്ടിയാല്‍ കണക്ക് നോക്കി സിറാജിന് പണം നല്‍കാമെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സ്റ്റേ ചെയ്തത്.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണത്തിന് സൗബിനും ഷോണും പണം വാങ്ങിയത് ശരിയാണ്. എന്നാല്‍ തിയേറ്ററില്‍ നിന്നടക്കം കളക്ഷന്‍ ഇനിയും പൂര്‍ണ്ണമായും തിരിച്ചു കിട്ടിയിട്ടില്ല. ഇനിയും പല ടെക്നീഷ്യന്മാര്‍ക്കും പണം കൊടുക്കാനുമുണ്ട്. ഇങ്ങനെ പണം മുഴുവന്‍ കിട്ടുകയോ ചെലവ് പൂര്‍ത്തിയാകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് മടുക്കു മുതലും ലാഭവും നല്‍കാത്തതെന്നായിരുന്നു ഹൈക്കോടതിയില്‍ സൗബിനും സുഹൃത്തും ഉയര്‍ത്തിയ വാദം. ഇത് അംഗീകരിച്ചാണ് കേസില്‍ സ്റ്റേ അനുവദിക്കുന്നത്. ഫലത്തില്‍ പരാതിക്കാരനും പണവും ലാഭവിഹിതവും കിട്ടും. ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ഭൂരിഭാഗവും കൈമാറിയത്. ഇതാണ് കേസില്‍ നിര്‍ണ്ണായകമായതും.
സിനിമയുടെ നിര്‍മ്മാണത്തിനായി ഏഴുകോടി രൂപ താന്‍ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോണ്‍ ആന്റണിയുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിര്‍മ്മാണച്ചെലവ് തന്നില്‍നിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു. ഇങ്ങനെ പറഞ്ഞാണ് നിയമ നടപടി തുടങ്ങിയത്. എന്നാല്‍ പണം വാങ്ങിയ കാര്യം സൗബിനും സുഹൃത്തും നിഷേധിക്കുന്നില്ല. നല്‍കുന്നില്ലെന്നും തിരിച്ചു പറയുന്നില്ല. അതുകൊണ്ട് തന്നെ വഞ്ചനാരോപണമോ ക്രിമിനല്‍ കേസോ നിലനില്‍ക്കില്ലെന്നായിരുന്നു സൗബിന്റെ അഭിഭാഷകരുടെ ഹൈക്കോടതിയിലെ വാദം.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചിത്രം 250 കോടി നേടി എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും പറഞ്ഞിരുന്നു. നടീനടന്മാര്‍ക്കും സാങ്കേതികവിദഗ്ദ്ധര്‍ക്കുമൊക്കെ പണം നല്‍കാനുണ്ട്. ചിത്രത്തിന്റെ വരവു ചെലവ് കണക്കാക്കിയതിനു ശേഷം കരാര്‍ അനുസരിച്ചുള്ള ലാഭവിഹിതം നല്‍കാമെന്ന് തങ്ങള്‍ അറിയിച്ചതാണെന്നും ജാമ്യ ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. എന്ന് സിറാജ് ഇത് അംഗീകരിക്കാന്‍ തയാറായില്ലെന്നും കൊമേഴ്സ്യല്‍ കോടതിയെ സമീപിച്ചെന്നും വിശദീകരിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ക്ലൈമാക്സില്‍ സിറാജിന് ലാഭം കിട്ടുമെന്നതാണ് ഈ കേസിലെ അന്തിമ ചിത്രം.