മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 46-ാം പിറന്നാള്‍. സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും കൊണ്ടാണ് മഞ്ജു മലയാളികളുടെ ഇടം നെഞ്ചില്‍ ഇടം പിടിച്ചത്. ഒരുപാട് പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ വന്നു പോകുന്നുണ്ട് എങ്കിലും മറ്റാര്‍ക്കും കിട്ടാത്ത ഒരു സ്വീകാര്യത മഞ്ജുവിന് കിട്ടുന്നുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ മലയാള സിനിമയില്‍ ശ്രദ്ധനേടുന്നത്.
1978 സെപ്റ്റംബര്‍ 10 നു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായി ജനിച്ച മഞ്ജു തൃക്കേട്ട നക്ഷത്രക്കാരിയാണ്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലും കണ്ണൂരിലെ ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം ഒട്ടനവധി കരുത്തുറ്റ കഥാപാത്രങ്ങളെ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.
രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് .
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ വേട്ടയാനാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബര്‍ 10 ന് ചിത്രം റിലീസ് ചെയ്യും.