“സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കരുത്; അപ്പോൾ തന്നെ മുഖത്തടിക്കണം” ; സിദ്ദിഖിന്റെ പഴയ വാക്കുകൾ വൈറൽ…

Written by Web Desk1

Published on:

യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് സ്ത്രീസുരക്ഷയെ സംബന്ധിച്ച് മുൻപ് പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചുള്ള പ്രതികരണത്തിനിടയിലായിരുന്നു സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നുള്ള തരത്തിൽ ആയിരുന്നു സിദ്ദിഖ് മാധ്യമങ്ങളോട് സംസാരിച്ചത്. 2018 ഒക്ടോബർ 15 ൽ നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു സിദ്ദിഖ് ഇക്കാര്യങ്ങൾ പറഞ്ഞത്.

“മി ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്നാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലതാണ്. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേരു വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോൾ ധൈര്യം ഉണ്ടായി എന്നു പറയാൻ നിൽക്കരുത്. എല്ലാ പെൺകുട്ടികളോടൊപ്പവും കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ.”- സിദ്ദിഖ് പറഞ്ഞു.

യുവ നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു നടനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ സിദ്ദിഖ് ഒളിവിലാണ്. ഒളിവിൽ കഴിയുന്നതിനോടൊപ്പം തന്നെ സിദ്ദിഖ് മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ നിഷേധിച്ചു. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്.

Related News

Related News

Leave a Comment