ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലിൻ്റെയും ദിവ്യ ശ്രീധറിൻ്റെയും വിവാഹവും അതിനു പിന്നാലെ ഇരുവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണവും വലിയ ചർച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ. മറ്റുള്ളവരുടെ ജീവിതത്തിൽ കപടസദാചാരബോധം അഴിച്ചുവിടാനുള്ള ഒരു വിഭാഗത്തിന്റെ സ്ഥിരം വ്യഗ്രത തന്നെയാണ് ക്രിസും ദിവ്യയും അഭിമുഖീകരിക്കേണ്ടി വന്നത്.
നാൽപത്തിയൊൻപതുകാരനായ ക്രിസിൻ്റെയും നാൽപതുകാരിയായ ദിവ്യയുടെയും വിവാഹത്തിനു പിന്നാലെ അറുപതു കഴിഞ്ഞ കിളവൻ നാൽപതുകാരിയെ വിവാഹം കഴിച്ചുവെന്നും ഈ പ്രായത്തിൽ കല്യാണം കഴിച്ചത് മറ്റു പലതിനുമാണ് എന്നിങ്ങനെ അറപ്പുതോന്നുന്ന രീതിയിലായിരുന്നു അവരുടെ വ്യക്തിജീവിതത്തിലും സ്വാതന്ത്ര്യത്തിലും സദാചാരം വിളമ്പിയത്.
ക്രിസിൻ്റെ നരച്ച താടിയും മുടിയുമായിരുന്നു അറുപത് കഴിഞ്ഞ വൃദ്ധനാണ് എന്ന് ചാപ്പ കുത്താനുള്ള കാരണം. സ്വന്തം വീട്ടിലെല്ലാം ചീഞ്ഞുനാറിയാലും അടുത്തുള്ള ആളുകളുടെ ജീവിതത്തെ എങ്ങനെ മാന്താം, എങ്ങനെ ചൊറിയാം, എന്ന് ചിന്തിക്കുന്നവരോട് സഹതാപം മാത്രമാണെന്നും ചികിത്സ വേണ്ട രോഗമാണത് എന്ന് തിരിച്ചറിയുന്നില്ലെന്നും ക്രിസും ദിവ്യയും പറയുന്നു.