ബിഗ് ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കില്ല; പരാതിക്കാരന്‍റെ ആവശ്യം തളളി കേരളാ ഹൈക്കോടതി

Written by Taniniram

Updated on:

കൊച്ചി : ബിഗ്‌ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ശാരീരികമായ ആക്രമണങ്ങള്‍ ഷോയിലൂടെ കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തൂവെന്നായിരുന്നു പരാതി. മത്സരാര്‍ത്ഥികളായ റോക്കിയും സിജോ ജോണും തമ്മിലുള്ള വാക്കേറ്റവും റോക്കി സിജോയെ അടിക്കുന്ന ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്തുവെന്നും ഇത് പ്രമോയാക്കി പ്രേക്ഷകരെ കൂട്ടിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത് ബ്രോഡ്കാസ്റ്റിംഗ് മാനദണ്ഡങ്ങള്‍ക്കെതിരാണെന്നും കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഹര്‍ജിക്കാരനായ അഭിഭാഷകന് അത്തരത്തില്‍ പരാതിയുണ്ടെങ്കില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്സ് (റെഗുലേഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബ്രോഡ്കാസ്റ്റര്‍ മുമ്പാകെയും കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രാലയത്തിന് മുമ്പാകെ താന്‍ ഇതിനകം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ഇത്തരത്തില്‍ ഹരജിക്കാരന് ഒരു പരാതിയുണ്ടെങ്കില്‍ ആദ്യം ബ്രോഡ്കാസ്റ്ററായ ഏഷ്യാനെറ്റിനെയാണ് സമീപിക്കേണ്ടതായിരുന്നുവെന്ന് നിര്‍മ്മാണ കമ്പനിയായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയുടെ അഭിഭാഷകന്‍ വാദിച്ചു.

നിങ്ങള്‍ പ്രായപൂര്‍ത്തിയായ ആളാണ്, ഷോ കാണണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കം, ഷോ നിര്‍ത്തിവയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിന്‍റെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്ട്, 1995-ലും അനുബന്ധ കോഡുകളിലും പറഞ്ഞിരിക്കുന്ന സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ഹര്‍ജിക്കാരന്‍ വീണ്ടും വാദിച്ചു.

മോഹന്‍ലാലിനെതിരെയും വാദം

സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ്‌ബോസ് മലയാളത്തിന്‍റെ അവതാരകന്‍. വീക്കെന്‍ഡില്‍ മത്സരാര്‍ത്ഥിയായ റോക്കിയോട് അടിക്കുമെന്ന് പറഞ്ഞാല്‍ പോര അടിക്കണം എന്ന തരത്തില്‍ പറഞ്ഞുവെന്നും ആരോപിക്കുന്നു. ഇത് അക്രമത്തിനുളള പ്രോത്സഹനമാണെന്നും ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ആദര്‍ശ് എസ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഹൈക്കോടതിയില്‍ ബിഗ്‌ബോസ് നിര്‍മ്മാണ കമ്പനിയായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സന്തോഷ് മാത്യു ഹാജരായി.

See also  തൃശൂരുകാരന്‍ രതീഷ് വീണ്ടും ബിഗ്‌ബോസിലേക്ക്

Leave a Comment