ട്രഷറികൾ കാലിയായി പെൻഷൻ പോലും കിട്ടുന്നില്ല

Written by Taniniram

Published on:

സംസ്ഥാനത്തെ ട്രഷറികൾ കാലിയായിട്ട് മാസങ്ങളായി. പ്രാദേശിക വികസനം മൂന്നിലൊന്നായി ചുരുങ്ങി. തദ്ദേശ സ്ഥാപന പദ്ധതിയുടെ ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്.

പാവപ്പെട്ട ജീവനക്കാർക്ക് നൽകുന്ന പെൻഷൻ പോലും നല്കാൻ ഫണ്ടില്ലെന്നാണ് പറയുന്നത്. പങ്കാളിത്ത
പെൻഷൻ ലഭിച്ചുകൊണ്ടിരുന്നവരുടെ പെൻഷനും ലഭിക്കുന്നില്ല. ക്ഷേമനിധി ബോർഡുകൾ വഴി ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷനും തടഞ്ഞുവച്ചിരിക്കുകയാണ്. ക്ഷേമനിധി ബോർഡുകളിൽ നിന്നും സർക്കാർ പണം കടമെടുത്തിട്ടുണ്ട് . സർക്കാർ അത് മടക്കി കൊടുത്തെങ്കിൽ മാത്രമേ പെൻഷൻ ലഭി ക്കുകയുള്ളു. ഇത് എന്ന് നടക്കുമെന്ന് ഒരു രൂപവുമില്ല.

അടുത്ത മാസം പുതിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിൽ പദ്ധതികൾക്കായി നീക്കിവച്ച 7460.65 കോടി രൂപയിൽ മൂന്നിലൊന്നു മാത്രം ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിന്റെ ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 2489 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവിട്ടത്. 440 .51 കോടി രൂപ അനുവദിക്കാത്തതിനാൽ പതിനെണ്ണായിരത്തിൽപ്പരം ബില്ലുകൾ സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയത്തെ പദ്ധതി വിഹിത വിനിയോഗത്തിലെ പുരോഗതിപോലും ഇത്തവണ ഇല്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 86883 പ്രൊജെക്ടുകളാണ് ഇത്തവണ 1200 തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയത്. കോർപ്പറേഷനുകളിൽ 25 ശതമാനം ഫണ്ടുപോലും ചെലവാക്കാനായിട്ടില്ല. 87 നഗരസഭകളിൽ ഇത് 30 ശതമാനത്തിനു താഴെയാണ്. ഇതോടെ ഇത്തവണയും പദ്ധതി നിർവഹണം സാമ്പത്തിക വർഷത്തിന്റെ അവസാനം കണക്കുകളിലെ കളി മാത്രമായി അവശേഷിക്കും.

പണം അനുവദിക്കുന്നതിലും പ്രൊജെക്ടുകൾ തയ്യാറാക്കുന്നതിലും വന്ന നിയന്ത്രണങ്ങളാണ് പദ്ധതി പുരോഗതിയെ പിന്നോട്ടടിക്കുന്നത്. സംസ്ഥാന സർക്കാർ 1851 കോടി രൂപ വീതം 3 ഗഡുക്കളായി നൽകുന്ന പ്ലാൻ ഫണ്ടിന്റെ ആദ്യഗഡു അഗസ്റ്റിന് പകരം നവമ്പറിലാണ് കൈമാറിയത്. ജനുവരി ആദ്യ വാരമാണ് മൂന്നാം ഗഡു നൽകേണ്ടത്.
കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകേണ്ട അടിസ്ഥാന ഗ്രാന്റിന്റെ രണ്ടു ഗഡുക്കളിൽ ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്ന 814 കോടി രൂപയിൽ നിന്ന് 252 കോടി രൂപ മാത്രമേ ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളൂ. ഈ തുകയും തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യമായി കൈമാറിയിട്ടില്ല. അടിസ്ഥാന ഗ്രാന്റിൽ മുഴുവൻ തുകയും നൽകാതെ കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിച്ചു ഫണ്ട് തടയുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്തായാലും കേന്ദ്രവും സംസ്ഥാനവും ചേർന്ന് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കുമോ എന്നാണ് സംശയം.

See also  ബജറ്റിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല

Leave a Comment