സാമ്പത്തിക പ്രതിസന്ധി; കേന്ദ്രം കേരളത്തെ അവഗണിക്കരുത്

Written by Web Desk1

Published on:

സാമ്പത്തിക പ്രതിസന്ധി മൂലം വീർപ്പുമുട്ടുന്ന കേരളത്തെ കേന്ദ്രം അവഗണിക്കരുത്. ചെറിയ സഹായം ലഭിക്കാൻ പോലും കോടതിയെ സമീപിക്കേണ്ട ഗതികേടാണ് കേരളത്തിന് ഇപ്പോഴുള്ളത്. അവകാശപ്പെട്ട സഹായം പോലും നിഷേധിക്കുന്ന കേന്ദ്ര നിലപാട് ശരിയല്ല. കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന്റെ രക്ഷയ്ക്കായി പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശത്തെ കർശന നിബന്ധനകളിൽ കുരുക്കിയിരിക്കുകയാണ് കേന്ദ്രം.

അടുത്ത സാമ്പത്തിക വര്ഷം അനുവദിക്കാനിരിക്കുന്ന കടത്തിൽ അയ്യായിരം കോടി ഇപ്പോൾ എടുക്കാമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. അതിനും കർശന നിബന്ധനകൾ പാലിക്കണം. വരവും ചെലവും എങ്ങനെ ഒപ്പിക്കുമെന്നു കേന്ദ്രത്തെ ധരിപ്പിക്കണം. കൂടുതൽ വരുമാനത്തിനുള്ള പ്ലാൻ ബി എന്താണെന്നു വെളിപ്പെടുത്തണം. കടമെടുക്കാനുള്ള അനുമതി ഓരോ പാദത്തിനുമായി പരിമിതപ്പെടുതും. കേരളത്തെ സംബന്ധിച്ച് ഇങ്ങനെയൊരു പാക്കേജുകൊണ്ട് കാര്യമില്ല. സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇത്തരമൊരു താത്കാലിക ശാന്തിയല്ല പ്രതീക്ഷിച്ചത്. അതിനാൽ തന്നെ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും നിബന്ധനകളില്ലാതെ പതിനായിരം കോടി കടമെടുക്കാൻ അനുവദിക്കണമെന്നുമാണ് കേരളം വാദിച്ചത്. ഇന്ത്യയിൽ സാമ്പത്തിക ഫെഡറലിസം വെല്ലുവിളി നേരിടുമ്പോളതിന്റെ ഭാവിക്ക് നിർണ്ണായകമായ ഈ കേസിലെ വഴിത്തിരിവുകൾ രാജ്യം ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും അർഹതപ്പെട്ട വായ്പയെടുക്കാൻ ഉപാധി വച്ചതുമൊക്കെയാണ് കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ട അവസ്ഥയുണ്ടാക്കിയത്. അക്കാര്യത്തിൽ ശാശ്വതപരിഹാരത്തിനുതകുന്ന നയപരമായ തീരുമാനങ്ങൾക്ക് സുപ്രീം കോടതിയുടെ ഇടപെടലാണ് കേരളം ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്ഷം 13,608 കോടി രൂപ കടം നൽകണമെങ്കിൽ കേരളം ഫയൽ ചെയ്ത ഹർജി പിൻവലിക്കണമെന്ന് ആദ്യം കേന്ദ്രം ഉപാധി വച്ചിരുന്നു. അതിന്റെ അർത്ഥം ഈ പണം കേരളം അർഹിക്കുന്നു എന്ന് തന്നെയാണ്. അർഹമായതിനു ഉപാധി വയ്ക്കുന്നത് അനീതിയാണ്. അതുകൊണ്ടാണ് കേരളം അത് സ്വീകരിക്കാതിരുന്നത്. കേന്ദ്രത്തിന്റെ നിലപാടിനെ സുപ്രീം കോടതി വിമർശിക്കുകയും ഉപാധി പാടില്ലെന്ന് ആവശ്യപ്പെടുകയും ചെയ്തത് കേരളത്തിന്റെ ഹർജി തെളിയിക്കുന്നതായിരുന്നു.

കേരളത്തിന് കേന്ദ്രത്തിൽ നിന്ന് പലയിനങ്ങളിൽ കിട്ടിക്കൊണ്ടിരുന്ന വിഹിതത്തിൽ കുറവുണ്ടായെന്നത് സത്യമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി കേരളത്തെ തുണയ്ക്കാൻ കേന്ദ്രം തയ്യാറാകണം. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ദുരഭിമാനമായി വളർന്നിരിക്കുന്നു. ഈ വടംവലിയിൽ ബലിയാടുകളാവുന്നത് കേരളത്തിലെ സാധാരണ ജനങ്ങളാണെന്ന കാര്യം ഓർമ്മ വേണം

See also  സാമ്പത്തിക പ്രതിസന്ധി :സുപ്രീം കോടതി ഇടപെടൽ കേരളത്തിന് ആശ്വാസം

Leave a Comment