നാളിതുവരെ ആരോപണങ്ങൾക്കും അഴിമതിയാരോപണങ്ങൾക്കും വിധേയമാകാത്ത പി എസ സിയിലും അഴിമതിക്ക് തുടക്കമായിരുന്നു.പി എസ സി എന്ന ഭരണഘടനാ സ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം ഏറെ വലുതാണ്. ആ സ്ഥാപനത്തിലുള്ള എല്ലാവരും ആ ചുമതല കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നുണ്ടെന്നാണ് നാം കരുതിപ്പോരുന്നത്. എന്നാൽ മാന്യമായൊരു തൊഴിലിനു വേണ്ടി കഷ്ട്ടപ്പെട്ടു മത്സര പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ സർക്കാർ സംവിധാനങ്ങൾ തന്നെ വിഡ്ഡികളാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ഇപ്പോൾ പുറത്തുവന്നു.
പോലീസ് എസ് ഐ നിയമനത്തിനുള്ള കായിക ക്ഷമത പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തിയുള്ള പി എസ സിയുടെ ചുരുക്കപ്പട്ടികയാണ്. സംസ്ഥാനത്തെ തൊഴിലന്വേഷകരിൽ നിരാശ ജനിപ്പിക്കുന്നത്. കായിക പരീക്ഷയിൽ പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപെട്ടവരുടെ രജിസ്റ്റർ നമ്പരുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ പരാതി നൽകിയതിന് പിന്നാലെ പി എസ സി പട്ടിക പിൻവലിച്ചെങ്കിലും ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു. ഇത്തരം പിഴവുകളിൽ ക്രമക്കേടിനുള്ള വാതിൽ ചിലപ്പോഴെങ്കിലും തുറന്നു കിടക്കുന്നുവെന്ന സംശയവും
ഗൗരവമുള്ളതാണ്.
സംസ്ഥാനത്തെ ഒട്ടേറെ യുവജനങ്ങൾ പി എസ സി വഴി തൊഴിൽ കാത്തുനിൽക്കുന്നതിനിടെയാണ് ഈ ഗുരുതര പിഴവുണ്ടായിരിക്കുന്നത്. സബ് ഇൻസ്പെക്ടർ , മിനിസ്റ്റീരിയൽ, കോൺസ്റ്റാബുലറി, ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തു പരീക്ഷകൾ ജയിച്ചവർക്കായിരുന്നു. കായിക ക്ഷമതാ പരീക്ഷ. തുടർന്ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലാണ് വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഫെബ്രുവരി 26, 27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർത്ഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28 നു അത് പിൻവലിക്കുകയായിരുന്നു. ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ സ്വപ്‌നങ്ങൾ തകർത്ത് നിരുത്തരവാദിത്തത്തോടെയാണ് പി എസ സി പ്രവർത്തിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് സർക്കാർ. അവിടേക്കുള്ള ഒരു പൊതുവാതിലാണ് പി എസ സി. ആ സ്ഥാപനത്തിൽ കൃത്രിമങ്ങൾ ആരോപിക്കപ്പെടുമ്പോൾ ചെറുപ്പക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു.
പി എസ സി പരീക്ഷകളുമായും റാങ്ക് ലിസ്റ്റുകളുമായും ബന്ധപ്പെട്ട പല ക്രമക്കേടുകളും ആരോപിക്കപ്പെടുമ്പോൾ നമ്മുടെ ചെറുപ്പക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. സമാന പ്രശ്‌നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പി എസ സി സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്.
അഴിമതിയാരോപണങ്ങൾ ഒന്നുമില്ലാത്ത കേരളാ യൂണിവേഴ്സിറ്റിയിലേക്ക് നടന്ന ഓഫിസ് അസിസ്റ്റന്റ് നിയമനത്തിലും വൻ പിഴവുണ്ടായി. ടെസ്റ്റ് പാസ്സായവരെ ഇന്റർവ്യൂവിനു ക്ഷണിക്കേണ്ടതാണ്. എന്നാൽ ഇന്റർവ്യൂ പോലും നടത്താതെ ഭരണതലത്തിൽ നിന്ന് നൽകിയ ലിസ്റ്റ് അനുസരിച്ച് നിയമന ഉത്തരവ് വന്നു. പരീക്ഷാ പേപ്പർ പോലും അപ്രത്യക്ഷമായി. സർക്കാർ തന്നെ ഇത്തരം അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത് വലിയ അപരാധമാണ്.