തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജാ പാത്രം കാണാതായ സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ ക്ഷേത്രം അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് പിടികൂടിയിരുന്ന 3 പേരും നിരപരാധികൾ ആണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിക്കുന്ന തളിപ്പാത്രം നഷ്ടപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയിൽ മൂന്നു പേരെയായിരുന്നു പോലീസ് പിടികൂടിയിരുന്നത്. എന്നാൽ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തുവന്നത്. ക്ഷേത്രദർശനത്തിന് എത്തിയ ഇവർ കൊണ്ടുവന്ന തളികയിലെ പൂജാ സാധനങ്ങൾ ക്ഷേത്രത്തിനകത്ത് വെച്ച് മറിഞ്ഞു വീണിരുന്നു. ഇത് തിരികെ എടുത്ത് നൽകാൻ ക്ഷേത്രത്തിലെ ജീവനക്കാരും സഹായിച്ചിരുന്നു. ഇതിനിടയിൽ ക്ഷേത്ര ജീവനക്കാർ തന്നെയാണ് കാണാതായ തളിപ്പാത്രം ഇവർ കൊണ്ടുവന്ന തളികയിലേക്ക് അബദ്ധത്തിൽ വച്ചത്.
ഒക്ടോബർ 13നായിരുന്നു ഈ സംഭവം നടന്നത്. പതിനെട്ടാം തീയതി ക്ഷേത്രം അധികൃതരുടെ പരാതിയെ തുടർന്ന് പ്രതികളെന്ന് സംശയിക്കുന്ന ഹരിയാന സ്വദേശികളെ കേരള പോലീസ് ഹരിയാന പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇവർ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. പാത്രം ക്ഷേത്ര ജീവനക്കാർ തന്നതാണെന്നും അത് അവിടെ തിരികെ നൽകേണ്ടതാണെന്ന് അറിയില്ലായിരുന്നു എന്നും ഇവർ വിശദീകരിച്ചു. തുടർന്ന് ക്ഷേത്രം ജീവനക്കാരോട് വിവരങ്ങൾ തേടിയപ്പോഴാണ് അബദ്ധം പറ്റിയതാണെന്നും ഇവർ പറഞ്ഞത് സത്യമാണെന്നും മനസ്സിലായത്. ഇതോടെയാണ് സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.