തിരുവനന്തപുരം (Thiruvananthapuram) : സിനിമാ രംഗത്തെ ലൈംഗിക ചൂഷണം വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിസ്സാരവത്കരിച്ച് നടൻ ഇന്ദ്രൻസ്. ഇടയ്ക്ക് എരിവും പുളിയും ഒക്കെ വേണ്ടെ എന്നായിരുന്നു നടന്റെ പ്രതികരണം. താൻ ഒരു നടിയുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. രാവിലെ ഏഴാം ക്ലാസ് പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സ്‌കൂളിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാക്കാലത്തും ഇത്തരത്തിലുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് കുറച്ച് എരിയും പുളിയും ഒക്കെ വേണ്ടെ. അതിന് വേണ്ടിയാണ് ഇതൊക്കെ. അതുകൊണ്ട് ഈ സിനിമാ മേഖലയ്‌ക്കോ ആളുകൾക്കോ ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ല. പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. ഈ വിഷയത്തിൽ സർക്കാർ വേണ്ടതുപോലെ ചെയ്യും എന്നാണ് കരുതുന്നത് എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. സത്യം. മറ്റാരെങ്കിലും നടിമാരുടെ വാതിലിൽ മുട്ടിയോ എന്നതിനെക്കുറിച്ച് അറിയില്ല. മലയാളി നടിമാരെ പോലും എനിക്ക് ശരിയ്ക്ക് അറിയില്ല പിന്നെയല്ലേ ബംഗാളി നടിമാരെ എന്നും രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഇന്ദ്രൻസ് പ്രതികരിച്ചു.
ഇന്നത്തെ കാലത്ത് ആർക്ക് വേണമെങ്കിലും ആരെക്കുറിച്ച് വേണമെങ്കിലും പറായം. മുഖ്യമന്ത്രിയ്‌ക്കെതിരെയും പ്രധാനമന്ത്രിയ്ക്ക് എതിരെയും ആളുകൾ ഓരോന്ന് പറയുന്നുണ്ടല്ലോ?. നേതൃസ്ഥാനത്ത് ഇരിക്കുന്നവരെക്കുറിച്ച് പറയുമ്പോഴാണ് പ്രതികരണങ്ങൾ വേഗം ചർച്ചയാകുന്നത്. തനിക്ക് അതേക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.