എറണാകുളം (Eranakulam) : നടിയെ പീഡിപ്പിച്ച കേസിൽ മൂൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎ മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നുമാണ് മുകേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരും; മുകേഷ് കുറിച്ചു. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പുറത്തുവന്നത്.
മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് മുകേഷിനെതിരെ നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്തു കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തിരിക്കുന്നത്.