Thursday, April 3, 2025

തൃശൂർ കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ

Must read

- Advertisement -

തൃശൂര്‍: കയ്പമംഗലത്തെ യുവാവിന്റെ ക്രൂര കൊലപാതകത്തില്‍ അഞ്ച് പേര്‍ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവര്‍ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കഴിഞ്ഞ ദിവസമാണ് ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തില്‍ കോയമ്പത്തൂര്‍ സ്വദേശി അരുണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കയറ്റി അയച്ച ശേഷം പ്രതികള്‍ മുങ്ങി. അരുണ്‍, സുഹൃത്ത് ശശാങ്കന്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുകയാണെന്ന് പറഞ്ഞാണ് പ്രതികള്‍ തൃശൂരിലെ ആംബുലന്‍സ് ഡ്രൈവറെ വിളിച്ചുവരുത്തിയത്. ആംബുലന്‍സ് എത്തിയപ്പോള്‍ അരുണ്‍ ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കന്‍ സമീപത്തുള്ള കാറില്‍ ഉണ്ടായിരുന്നു. ശശാങ്കന്‍ ഉള്‍പ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അരുണിനെയും ശശാങ്കനെയും ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പിന്നാലെ എത്താമെന്ന് മൂന്നംഗ സംഘം ഡ്രൈവറോട് പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് അതിവേഗം ആശുപത്രിയില്‍ എത്തി. എന്നാല്‍ മൂന്നംഗ സംഘം മുങ്ങി. അരുണിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് നടന്ന കാര്യങ്ങള്‍ ശശാങ്കന്‍ വെളിപ്പെടുത്തുന്നത്.

ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശിയായ സാദിഖില്‍ നിന്ന് താനും അരുണും ചേര്‍ന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ശശാങ്കന്‍ വെളിപ്പെടുത്തി. ഇറിഡിയം വീട്ടില്‍ വെച്ചാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും പാലിയേക്കര ടോള്‍ പ്ലാസയിലേയ്ക്ക് വിളിച്ചു വരുത്തി. കാറില്‍ സമീപത്തെ എസ്റ്റേറ്റില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. അരുണ്‍ മരിച്ചെന്ന് മനസിലായതോടെ ഇരുവരെയും കൈപ്പമംഗലത്ത് എത്തിച്ച് ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് ശശാങ്കന്റെ മൊഴി

See also  തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article