ആലപ്പുഴ തകഴിയില്‍ നവജാത ശിശുവിനെ പാടശേഖര ബണ്ടില്‍ കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിന്റെ മരണം സംബന്ധിച്ച് പ്രതികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമെന്ന് സൂചന. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായി കുഞ്ഞിനെ തോമസ് ജോസഫിനു കൈമാറിയെന്നാണ് അമ്മ ഡോണ ജോജിയുടെ മൊഴി. ജനിച്ചപ്പോള്‍ കരഞ്ഞെങ്കിലും പിന്നീടു കുഞ്ഞ് കരഞ്ഞില്ലെന്നും ഡോണയുടെ മൊഴിയിലുണ്ട്. എന്നാല്‍ 7നു രാത്രി കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോള്‍ കുഞ്ഞിനു ജീവനില്ലായിരുന്നെന്നാണു തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും പൊലീസിനോടു പറഞ്ഞത്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഡോണയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരൂ.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുഹൃത്തിന് കൈമാറുകയും ഇയാള്‍ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാല്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതാണോ അതോ കൊലപ്പെടുത്തുകയായിരുന്നോ എന്നീ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു എന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് കുഞ്ഞിനെ ആണ്‍സുഹൃത്തിന് കൈമാറിയെന്ന് തുറന്നുപറഞ്ഞത്.
സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആണ്‍സുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. വീട്ടുകാരില്‍ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഈ മാസം എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രസവത്തിന് ശേഷമുളള ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചുവെന്നാണ് മറുപടി നല്‍കിയത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്ത് വന്നത്. കുഞ്ഞ് മരിച്ചുവെന്നും മൃതദേഹം ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചതായും യുവതി മൊഴി നല്‍കി. ഇതനുസരിച്ച് ആണ്‍സുഹൃത്തിനെ പൊലീസ് പിടികൂടി. അയാളും സുഹൃത്തും കൂടി മൃതദേഹം മറവുചെയ്തെന്നായിരുന്നു മറുപടി.