ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് പിന്നാലെ വിപണിയില്‍ അദാനി ഷെയറുകള്‍ ഇടിഞ്ഞു. വിപണി ആരംഭിച്ചതു മുതല്‍ തന്നെ അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റര്‍ പ്രൈസസിന്റെ ഓഹരി വിലയാകട്ടെ അഞ്ച് ശതമാനത്തിലേറെയും താഴ്ന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനിക്ക് വിപണിയില്‍ 53000 കോടി രൂപയുടെ നഷ്ടമുണ്ടായി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തി ഹത്യക്കുള്ള ശ്രമമാണെന്നായിരുന്നു മാധവി ഇതിനെതിരെ പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
പല തവണ സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളതാണെന്നും അതിന് മറുപടി നല്‍കാതെ സെബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മാധബി പ്രതികരിച്ചത്. ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞാണ് മാധബിയും ധവാല്‍ ബുച്ചും സംയുക്ത പ്രസ്താവനയിറക്കിയത്.