ബെംഗളൂരു (Bengaluru) : ബ്യൂട്ടി സലൂണിൽ തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവൽക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധർ. വൈറ്റ്ഫീൽഡിലെ സലൂണിൽ കഴിഞ്ഞ ദിവസം മുടിവെട്ടാൻ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദുരനുഭവമുണ്ടായത്.
മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ നാവു കുഴഞ്ഞു. ഇടതു കൈ ഉയർത്താൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്. ബ്യൂട്ടിപാർലറുകളിലും സലൂണുകളിലും മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ച് പ്രത്യേക രീതിയിൽ ഒടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്.
രക്തക്കുഴലുകൾക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവിൽ ഓർത്തോപീഡിക് സർജനായ ഡോ. അലക്സാണ്ടർ തോമസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ തേടണം. ജീവനക്കാർക്ക് അടിയന്തരമായി ബോധവൽക്കരണം നൽകണമെന്നും നിർദേശിച്ചു.