പേരാമ്പ്ര സ്വദേശി അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അനുവിനെ കൊന്ന് കവര്‍ന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരനെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബൂക്കറാണ് പിടിയിലായത്. സ്വര്‍ണം കവര്‍ന്ന ശേഷം ആഭരണങ്ങള്‍ വില്‍ക്കാന്‍ അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. അബൂബക്കര്‍ സ്വര്‍ണം വില്‍ക്കാന്‍ എത്തിയ ജ്വല്ലറിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ മുഖ്യപ്രതി മുജീബ് റഹ്‌മാനെ പേരാമ്പ്ര സ്റ്റേഷനില്‍ എത്തിച്ചു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് മുജീബ്.
ഇയാള്‍ മുമ്പും ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് വാളൂര്‍ സ്വദേശി അനു(26) കൊല്ലപ്പെട്ടത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതിയെത്തിയത്. തുടര്‍ന്ന് അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.