ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞിനെ സഹോദരന്‍ പീഡിപ്പിച്ചത് നിരവധി തവണ. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അച്ഛന്റെ ഇളയ സഹോദരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു.
പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്നും ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കുന്നു. വീട്ടില്‍ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ ഇളയ സഹോദരന്‍. ഇത് മുതലെടുത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലില്‍ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനില്‍ വെച്ചുതന്നെ ഫോണ്‍ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. അവിവാഹിതനാണ് പ്രതി.