സകല വിഘ്‌നങ്ങളും നീക്കുന്ന ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. അന്നേ ദിനം ഗണേശ പ്രീതിപ്പെടുത്താൻ ഭഗവാന്റെ ഇഷ്ട ഭക്ഷണങ്ങൾ ഭക്തർ വീട്ടിൽ തയ്യാറാക്കാറുണ്ട്. ഭക്ഷണപ്രിയനായ ഗണപതിഭഗവാന് പ്രിയപ്പെട്ട പലഹാരമാണ് മോദകം. ആനന്ദത്തിന്റെ ചെറിയ ഭാഗമെന്നാണ് മോദകം എന്ന സംസ്‌കൃത പദത്തിനർത്ഥം.
ഗണപതി ഭഗവാന്റെ നിവേദ്യമായ മോദകം തയ്യാറാക്കാം…
ചേരുവകൾ
പച്ചരി – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
പഞ്ചസാര – ഒരു ടേബിൾസ്പൂൺ
നെയ്യ് – ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് – 2 കപ്പ്
ശർക്കര ചീകിയത് – അര കപ്പ്
ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ് – കാൽ കപ്പ്
നെയ്യ് – ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയ്‌ക്കുക. വെള്ളം ഊറ്റി കളഞ്ഞ ശേഷം അരക്കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് മാറ്റി വയ്‌ക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച മാവ്, ഒരു ടീസ്പൂൺ നെയ്യ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ യോജിപ്പിക്കുക. ഇടത്തരം തീയിൽ യോജിപ്പിച്ച് വെച്ച മാവ് തുടരെ ഇളക്കി കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം നന്നായി കുറുകി വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടാറിയതിന് കുഴച്ചെടുക്കുക
ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റിവയ്‌ക്കുക. ചുവട് കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് വറക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയത്, ശർക്കര, ഏലക്കാപ്പൊടി ഇവ ചേർത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക.
തയാറാക്കിയ മാവിൽ നിന്നും നാരങ്ങ വലുപ്പത്തിലുള്ള ഒരു ഉരുള എടുത്ത് കൈയിൽ വച്ച് പരത്തുക. ഇതിന് ഉള്ളിലേക്ക് ഒരു സ്പൂൺ തേങ്ങാക്കൂട്ട് വച്ച് മുകൾഭാഗം അൽപം കൂർത്ത് ഇരിക്കുന്ന രീതിയിൽ ഉരുട്ടിയെടുക്കുക. മോദകത്തിന്റെ ഷേപ്പ് കിട്ടാനായി ഈർക്കിൽ കൊണ്ടോ സ്പൂണിന്റെ പിടി കൊണ്ടോ ഇടയ്‌ക്കിടെ ഒന്ന് അമർത്തി കൊടുക്കുക.
ഒരു ഇഡ്ഡലി പാത്രത്തിൽ വാഴയില വച്ചശേഷം അതിനു മുകളിൽ തയാറാക്കിയ മോദകം നിരത്തി 15 മിനിറ്റ് ആവിയിൽ വേവിക്കുക. ചൂടു മോദകത്തിൽ നെയ്യൊഴിച്ച് കഴിക്കാം.
മോദകത്തിന്റെ ഉള്ളിലെ മധുരം നിറയ്‌ക്കുന്നത് തേങ്ങയും ശർക്കരയും ഉപയോഗിച്ചാണ്. ചിലപ്പോൾ അവലും ഉൾപ്പെടുത്താറുണ്ട്. അരിപ്പൊടി, ഗോതമ്പ് പൊടി, മൈദ എന്നിവ ഉപയോഗിച്ച് മോദകം തയ്യാറാക്കാം. ആവിയിൽ വേവിച്ചും വറുത്തും മോദകം തയ്യാറാക്കാം. ഉദ്ദിഷ്ട കാര്യസിദ്ധിക്കും ആവശ്യം നടന്ന ശേഷം സന്തോഷം പ്രകടിപ്പിക്കാനും വിശ്വാസികൾ മോദകം വഴിപാടായി നേദിക്കാറുണ്ട്.