സിനിമാ ജീവിതത്തിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾ അക്കമിട്ടു പറയാൻ നടിമാർക്കും വനിതാ ജീവനക്കാർക്കും ഊർജം പകരുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) മാറിക്കഴിഞ്ഞു. മുതിർന്ന താരമെന്നോ, ജൂനിയർ ആർട്ടിസ്റ്റെന്നോ ഭേദമില്ലത്ത പലരും തങ്ങളുടെ ദുരനുഭവം പറയാൻ മുന്നോട്ടു വന്നിരുന്നു. നടി ശോഭനയുടെ (Shobana) കാര്യവും വ്യത്യസ്തമല്ല. 31 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്, സൂപ്പർഹിറ്റായി മാറിയ മണിച്ചിത്രത്താഴ് റീ-റിലീസ് ചെയ്തപ്പോഴും വിജയ ചിത്രം തന്നെയാണ്. ശോഭനയെ മലയാള സിനിമയുടെ ഇന്നിന്റെ സാന്നിധ്യം എന്ന് വിളിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇന്നലെകളിലെ ഹിറ്റുകൾക്ക് ഉടമയാണവർ.
സിനിമയെക്കാളേറെ നൃത്തത്തെ സ്നേഹിക്കുന്ന മനസാണ് ശോഭനയുടേത്. എണ്ണം പറഞ്ഞ നൃത്ത പരിപാടികളിൽ ശോഭനയുടെ നൃത്തം ഒഴിച്ചുകൂടാൻ കഴിയാതെയായി മാറിക്കഴിഞ്ഞു. ചെന്നൈയിലെ തന്റെ സങ്കേതത്തിൽ പുതുതലമുറയ്ക്ക് നൃത്ത ചുവടുകൾ പഠിപ്പിക്കുന്ന അധ്യാപികയാണ് ശോഭന. മലയാള സിനിമയിൽ പ്രത്യേക ക്ഷണം ലഭിച്ചാൽ ശോഭന അഭിനയിക്കും. അങ്ങനെ പിറന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. അങ്ങനെയിരിക്കെ, സിനിമാ ജീവിതത്തിൽ ശോഭന നേരിട്ട ദുരനുഭവവും വേണ്ടത്ര തീവ്രതയോടെ കാണേണ്ടതുണ്ട്.
വളരെ വർഷങ്ങൾക്ക് മുൻപ് ശോഭന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിവ. കേരളത്തിൽ, മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വെളുപ്പെടുത്തലുകൾക്കും വളരെ മുൻപേ സിനിമാ ലോകത്തു സ്ത്രീകൾക്ക് വസ്ത്രം മാറാൻ അനിവാര്യമായ സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ താരം ശോഭനയാണ്. ഒരിക്കൽ സാക്ഷാൽ അമിതാഭ് ബച്ചന്റെ ഇടപെടൽ മൂലം തനിക്ക് നല്ല രീതിയിൽ വേഷം മാറാൻ കാരവനിൽ സ്ഥലം ലഭിച്ച കാര്യം ശോഭന പറഞ്ഞിരുന്നു. ഗുജറാത്തിലായിരുന്നു ഇത് നടന്നത്. മറ്റൊരു സന്ദർഭത്തിലും നടിക്ക് മോശം അനുഭവം ഉണ്ടായി.
സിനിമയിൽ അഭിനയിക്കാൻ നേരം ഷാൾ അഥവാ ദുപ്പട്ട ധരിച്ചു നിന്ന ശോഭനയിൽ നിന്നും ആ ദുപ്പട്ട നിരബന്ധപൂർവം എടുത്തു മാറ്റിയ ഒരു നിമിഷത്തിലൂടെ അവർ കടന്നു പോയിട്ടുണ്ട്. അത് ഷോക്ക് ഏൽപ്പിച്ചുവെന്നും താരം ഓർക്കുന്നു. വളരെ വർഷങ്ങൾക്ക് മുൻപ്, സിനിമാ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ ശോഭന നൽകിയ ഒരു അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന കാര്യത്തിൽ ശോഭനയ്ക്ക് വ്യക്തതയില്ല.
തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോയതായിരുന്നു ശോഭന അന്ന്. ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന്, ആ ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു എന്നാണ് ശോഭന നൽകിയ പ്രതികരണം. ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാൻ സാധിക്കുമോയെന്ന് ശോഭനയുടെ മറുചോദ്യം.
‘അമ്മാ, ഈ ദുപ്പട്ടയൊന്നും വേണ്ടാ’ എന്ന് ഒരു സ്ത്രീ തന്റെയടുക്കൽ പറഞ്ഞതിനാൽ, ഈ വിഷയം അക്കാലത്ത് ലഘൂകരിക്കപ്പെട്ടു പോയതായി ശോഭന ഓർക്കുന്നു. അതിനു ശേഷവും ഒട്ടനവധി തമിഴ് സിനിമകളിൽ ശോഭന വേഷമിട്ടു. നടൻ രജനികാന്തിന്റെ നായികയായും ശോഭന അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇവർ രണ്ടുപേരും പുതിയ ചിത്രത്തിൽ വേഷമിടുക. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് നടി ശോഭന