താരനും മുടി കൊഴിച്ചിലും ഇല്ലാത്തവർ വളരെ ചുരുക്കമാണ് . അമിതമായ വിയർപ്പ്, പൊടി, രാസപദാർത്ഥങ്ങൾ അടങ്ങിയ ഷാമ്പുവിൻ്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. ഇതു ശ്രദ്ധിക്കാതെ പോയാൽ പിന്നീട് പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നമായി മാറിയേക്കാം.
താരൻ എന്നത് ഒരു തരത്തിലുള്ള ഫംഗസാണ്. ഇതു മൂലം അമിതമായ ചൊറിച്ചിൽ, വരൾച്ച, മുടികൊഴിച്ചിൽ കൂടാതെ മുഖക്കുരു വരെ ഉണ്ടായേക്കാം. തലമുടി കഴുകാതിരുന്നാൽ ഇത് വീണ്ടും വർധിച്ചു വരികയേ ഉള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതു കൊണ്ട് താരൻ അകറ്റാൻ സാധിക്കും എന്നതിനു ശാസ്ത്രീയമായ തെളിവുകളില്ല. ചർമ്മത്തിൻ്റെ അവസ്ഥ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
തലമുടി പരിചരണത്തിനായി ആഴ്ച്ചയിൽ ഒരിക്കൽ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്തേക്കും. വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മാസ്ക് റെഡിയാക്കാം. നാരങ്ങയും, തൈരും അടുക്കളയിൽ എന്തായാലും ഉണ്ടാവുമെല്ലോ? എങ്കിൽ ഇനി ഈ ഹെയർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
തൈര്- 2 ടേബിൾസ്പൂൺ
നാരങ്ങ നീര്- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കുക.
തലയോട്ടിയിൽ ഇത് പുരട്ടി മസാജ് ചെയ്യുക. മുപ്പത് മിനിറ്റ് വിശ്രമിക്കുക. ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
ഗുണങ്ങൾ
നാരങ്ങയിൽ സിട്രിക് ആസിട് അടങ്ങിയിട്ടുണ്ട്. അതിന് ധാരാളം ആൻ്റി മൈക്രോബിയൽ സവിശേഷതകളുണ്ട്. നാരങ്ങ നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നത് അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. അതിനാലാണ് തൈരിനൊപ്പം യോജിപ്പിച്ച് ഉപയോഗിക്കുന്നത്. ലാക്ടിക് ആസിഡ്, പ്രോബയോട്ടിക്സ് എന്നിങ്ങനെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. തലമുടിയിൽ ഒരു മോയിശ്ചറൈസറായി തൈര് പ്രവർത്തിക്കുന്നു.