കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമംനടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല പ്രവര്‍ത്തനം നടക്കുന്ന മേഖലകള്‍ നിലനില്‍ക്കരുതെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങളാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ന്യൂസല്ല, വ്യൂസിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ആരോഗ്യ സംവിധാനം പരക്കെ അംഗീകരിച്ചതാണ്. ഇത് യാദൃച്ഛികമായി ഉണ്ടായതല്ല. ഇടപെടലിന്റെ ഫലമാണ്. അതിനെ എങ്ങനെ തെറ്റായി ചിത്രീകരിക്കാം എന്നാണ് ചിലര്‍ നോക്കുന്നത്. അതിന് കരുവാക്കുന്നത് മെഡിക്കല്‍ കോളേജുകളെയും. മെഡിക്കല്‍ കോളേജുകള്‍ നല്ലരീതിയില്‍ അഭിവൃദ്ധിപ്പെട്ടുവെന്ന് പൊതുഅഭിപ്രായം നിലനില്‍ക്കുമ്പോഴാണിത്.
കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാര്‍ഥ്യമാകുന്നു. ദൈര്‍ഘ്യമേറിയ റോഡില്‍ ചിലയിടത്ത് പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇത്വച്ച് റോഡ് പരിശോധിക്കാന്‍ ചിലര്‍ പുറപ്പെടുകയാണ്. കേരളത്തിലെ പ്രസിദ്ധമായ ഒരു മാധ്യമം അതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ഓരോ മേഖലയിലും തെറ്റായ കാര്യം അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.