CPM ജനറല്‍ സെക്രട്ടറിയായി MA ബേബി എന്ന ക്രൈസ്തവ സമുദായംഗം വന്നതിനെ തടയിടാനും, ക്രൈസ്തവ വോട്ട് UDF ലേക്ക് തിരിച്ചു പിടിയ്ക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനെന്ന് സൂചന. അഹമ്മദാബാദില്‍ അടുത്തിടെ സമാപിച്ച എ.ഐ.സി.സി യോഗത്തില്‍ തീരുമാനമായില്ലെങ്കിലും അതിനായുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന് പകരം ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളെയാണ് നേതൃത്വം പരിഗണിക്കുന്നത്. എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍, എംഎല്‍എ സണ്ണി ജോസഫ് എന്നിവരാണ് പ്രാഥമിക പട്ടികയിലുളളത്. ഇതില്‍ ആന്റോ ആന്റണിക്കാണ് കൂടുതല്‍ സാധ്യത.
ലാറ്റിന്‍ കത്തോലിക്ക അംഗമായ എം.എ ബേബിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി സിപിഎം തിരഞ്ഞെടുത്തതും ക്രിസ്ത്യന്‍ സമൂഹത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളുമാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും അകന്നുവെന്ന ധാരണയും അണികള്‍ക്കിടയിലുണ്ട്. ഇത് മറികടക്കാനും വരുന്ന തിരഞ്ഞെടുപ്പുകളില്‍ പരമാവധി ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കുവാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്
2009 മുതല്‍ പത്തനംതിട്ടയില്‍ നിന്ന് നാല് തവണ എംപിയായ ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുളള നീക്കങ്ങള്‍ ശക്തമാണ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ആന്റോ റോമന്‍ കത്തോലിക്കനും എല്ലാ സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്നയാളുമാണ്.കൂടാതെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.
നിലവിലെ പ്രസിഡന്റ് കെ. സുധാകരന്റെ അടുപ്പക്കാരനായ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ പേര് തുടക്കം മുതല്‍ തന്നെ പട്ടികയിലുണ്ട്. 2011 മുതല്‍ അദ്ദേഹം എംഎല്‍എയാണ്. സുധാകരന്റെ പിന്തുണയും അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിനുണ്ട്.
ചാലക്കുടി എംപിയും മുന്‍ യുഡിഎഫ് ചെയര്‍മാനുമായ ബെന്നി ബെഹനാന്റെ പേരും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അനുയായി കണക്കാക്കപ്പെടുന്ന ബെന്നിക്ക്, കേരള കോണ്‍ഗ്രസ് (മാണി) യുഡിഎഫില്‍ നിന്ന് പുറത്തുപോയത് വലിയ തിരിച്ചടിയായിട്ടുണ്ട്്. പുറത്തുപോയതിന് പിന്നില്‍ ബെന്നിയുടെ ചില സമീപനങ്ങളാണെന്നാണ് വിമര്‍ശനം.
കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എല്ലാ എംപിമാരുമായും എംഎല്‍എമാരുമായും മുന്‍ കെപിസിസി പ്രസിഡന്റുമാരുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും സംസാരിച്ചതിന് ശേഷം ചര്‍ച്ചകളിലൂടെയായിരിക്കും പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നേ നേതൃമാറ്റം ഉറപ്പാക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം.