ചെന്നൈ: ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
ഒരു കാലഘട്ടത്തിന്റെ പ്രണയമുഖമാണ് യവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1975 ല്‍ ഉല്ലാസ യാത്ര എന്ന ചിത്രത്തിലൂടെയാണ് രവികുമാര്‍ മേനോന്‍ എന്ന രവികുമാര്‍ അഭിനയരംഗത്തെത്തിയത്. എ.ബി. രാജ് സംവിധാനം ചെയ്ത ആ സിനിമയില്‍ നായകവേഷത്തിലെത്തിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ പ്രണയനായകനായെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. രവികുമാര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് രവികുമാറിന്റെ സാന്നിധ്യത്തോടെയാണ്.