ഷാരോൺരാജിനെ കൊന്ന് രക്ഷപ്പെടാമെന്ന് കരുതിയ കഷായം ഗ്രീഷ്മയെ കുടുക്കിയതിങ്ങനെ, സ്മാർട്ട് ഗേളിനെ അഴിക്കുളളിലാക്കിയത് ഡിവൈഎസ്പി കെ.ജെ ജോൺസന്റെ അന്വേഷണ മികവ്

Written by Taniniram

Published on:

മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീര്‍ വിധി പ്രസ്താവിച്ചപ്പോള്‍ ശ്രദ്ധനേടുന്നത് ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ അന്വേഷണ മികവാണ്. കോടതി വിധി നേരിട്ട് കേള്‍ക്കാന്‍ അദ്ദേഹം കാസര്‍ഗോഡ് നിന്ന് കിലോമീറ്ററുകള്‍ യാത്രചെയ്ത് നെയ്യാറ്റിന്‍കര കോടതിയിലെത്തിയിരുന്നു. ഷാരോണ്‍ രാജിനും കുടുംബത്തിനും നീതി വാങ്ങി നല്‍കിയ സംതൃപ്തിയോടെയാണ് അദ്ദേഹം കോടതിയില്‍ നിന്നും മടങ്ങിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാറശാല പോലീസ് എഴുതി തളളിയ കേസാണ് ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുളള സംഘം ശാസ്ത്രീയമായി തെളിയിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ചത്. അഞ്ച് തവണയാണ് ഗ്രീഷ്മ ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചത്. താന്‍ അത്രയേറെ വിശ്വസിച്ചിരുന്ന പെണ്‍കുട്ടിയുടെ പേര് അവസാന നിമിഷം പോലും ഷാരോണ്‍ വെളിപ്പെടുത്തിയിരുന്നില്ല. അന്നത്തെ റൂറല്‍ ജില്ലാപോലീസ് മേധാവി ശില്പ ഐപിഎസ് പ്രതി ഗ്രീഷ്മയെ സ്മാര്‍ട്ട് ഗേള്‍ എന്നാണ് വിശേഷിപ്പിച്ചത്. അത്രയ്ക്ക് അതിവിദഗ്ധമായാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്. കേരളപോലീസിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അന്വേഷണം.

ബുദ്ധിപൂര്‍വ്വം മൊഴികള്‍ നല്‍കിയ ഗ്രീഷ്മയ്ക്ക് മുന്നില്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുളള അന്വേഷ സംഘം 2022 നവംബര്‍ 7ന് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്രീഷ്മയും ഷാരോണും സഞ്ചരിച്ച ഇടങ്ങളിലെല്ലാം പോയി തെളിവുകള്‍ ശേഖരിച്ചു. ഡിവൈഎസ്പി ജോണ്‍സണ്‍ തന്ത്രപൂര്‍വ്വം ഗ്രീഷ്മയില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ പഴുതടച്ചുള്ള വിചാരണയ്ക്കു കളമൊരുക്കിയത്.

സേനയ്ക്ക് മറ്റൊരു പൊന്‍തൂവല്‍കൂടി സമ്മാനിച്ച് ഡിവൈഎസ്പി ജോണ്‍സണ്‍

2023 ഏപ്രില്‍ 14 ന് ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ അബ്ദുല്‍ഗഫൂറിന്റൈ കൊലപാതകം, ആഭിചാരക്കാരി ജിന്നുമ്മയെയും സംഘത്തെയും തെളിവുകള്‍ നിരത്തി തൂക്കി അകത്താക്കി. ഊരൂട്ടമ്പലം കേസിലെ മാഹിന്‍കണ്ണിനെ പലരും ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനിയില്ല. എന്നാല്‍ അബദ്ധത്തില്‍ കണ്ണില്‍ പെട്ട കേസിന് പിന്നാലെ ജോണ്‍സണ്‍ യാത്ര ചെയ്തു. പലവട്ടം മാഹിന്‍കണ്ണ് ജോണ്‍സണിനേയും കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേരളം ഞെട്ടിയ കൊലക്കേസ് പ്രതി അകത്താകുകയായിരുന്നു.

2022 ഏപ്രില്‍ മാസമാണ് ജോണ്‍സണ്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ക്രൈംബ്രാഞ്ചില്‍ ഡിവൈ എസ് പിയായത്. പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റവും നല്‍കി. ഗ്രീഷ്മയെ അകത്താക്കി അന്വേഷണ റിപ്പോര്‍ട്ടും തയ്യാറാക്കിയതിന് പിന്നാലെ അദ്ദേഹത്തെ തേടിയെത്തിയത് സസ്‌പെന്‍ഷനായിരുന്നു. പോലീസിലെ പടലപിണക്കങ്ങളുടെ ഭാഗമായി ഗുണ്ടാബന്ധം ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍.പ്രമുഖ സിപിഎം നേതാവിന്റെ മരുമകനായ എസ്.പി സുല്‍ഫിക്കറിന് ഷാരോണ്‍ വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോള്‍ ജോണ്‍സണ്‍ കാസര്‍കോട്ടെ ജില്ലാ ക്രൈംറിക്കോര്‍ഡ് ബ്യൂറോയില്‍ ഡിവൈഎസ് പിയാണ്.

See also  പൂരമാണ്…. വരൂ….. ചായ കുടിക്കാം….!!!!

Sreejesh / Special Story

Leave a Comment