കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴിയെടുക്കുന്നത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പൊലീസ്. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. യൂട്യൂബ് ചാനലുകളിലടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പതിനാലുദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍ പിളളയാണ് ബോബിക്കായി കോടതിയില്‍ ഹാജരായത്. ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് ഇത്തരം കുറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിര്‍പ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദേശത്തോടെ തന്നെയാണ് ബോബി കയ്യില്‍ പിടിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയില്‍ പറഞ്ഞതുപോലെ സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു.