ന്യൂഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക പാര്‍ലമെന്റില്‍ ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വയനാടിനുളള കേന്ദ്രസഹായം വൈകുന്നതിലുളള പ്രതിഷേധം രൂക്ഷഭാഷയില്‍ അവതരിപ്പിക്കും. ഏതു ഭാഷയും എളുപ്പത്തില്‍ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും ആരംഭിച്ചിട്ടുണ്ട്.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ സത്യന്‍ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.
വയനാട് ജയത്തിന് ശേഷം പ്രിയങ്കഗാന്ധി വയനാട് ജനതയ്ക്കും പിന്തുണച്ച കുടുംബത്തിനും നന്ദി പറഞ്ഞു.