തിരുവനന്തപുരം: പ്രിയങ്കാഗാന്ധി ആദ്യമായി മത്സരിക്കുന്ന വയനാട്ടില്‍ ഭൂരിപക്ഷം പരമാവധി ഉയര്‍ത്താനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. സിപിഎം ഉടന്‍ പാലക്കാട്ടേയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയില്‍ സിപിഐയില്‍ വ്യക്തതയില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയിലും കലഹമാണ്. ബിജെപി കഴിഞ്ഞ തിരഞ്ഞെുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇ ശ്രീധരനായിരുന്നു സ്ഥാനാര്‍ത്ഥി.
ഈ സാഹചര്യത്തില്‍ പാലക്കാട്ട് ബിജെപിക്കായി മൂന്ന് പേര് രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പിന്നെ കൃഷ്ണകുമാറും. പാലക്കാട്ടെ പ്രാദേശിക നേതാവായ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന് എതിര്‍പ്പില്ല. എന്നാല്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ പരിഗണിക്കാനും സാധ്യതയുണ്ട്. ചേലക്കരയില്‍ സരസുവാകും ബിജെപി സ്ഥാനാര്‍ത്ഥി. ചേലക്കരയില്‍ സിപിഎം മുന്‍ എംഎല്‍എ കൂടിയായ യു ആര് പ്രദീപിനെ മത്സരിപ്പിച്ചേക്കും. എന്നാല്‍ പാലക്കാട് സര്‍വ്വത്ര ആശയക്കുഴപ്പമാണ്.
എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന സാധ്യത കല്‍പ്പിക്കുന്ന പേരുകളില്‍ ഒന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.ബിനുമോള്‍ക്കാണ്. സി.പി.എം. നേതാവായിരുന്ന ഇമ്പിച്ചി ബാവയുടെ മകളായ ബിനുമോള്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ ഇവര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സഫ്ദര്‍ ഷെരീഫിന്റെ പേരും പരിഗണനയിലുണ്ട്. അഭിഭാഷകന് കൂടിയായ സഫ്ദര്‍ ഡി.വൈ.എഫ്.ഐ. പാലക്കാട് ബ്ലോക്ക് ജോയില്‍ സെക്രട്ടറിയുമാണ്.