തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാർ ഓണക്കാലം കഴിഞ്ഞതിന് പിന്നാലെ വീണ്ടും കടമെടുക്കുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ആയിരം കോടി രൂപയാണ് കടമെടുക്കാൻ ഒരുങ്ങുന്നത്. ക്ഷേമ പെൻഷനുകൾ നൽകുന്നതിന് വേണ്ടിയാണ് ഇത്രയും വലിയ തുക കടമെടുക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പെൻഷൻ വിതരണത്തിന് വേണ്ടിയുള്ള പണത്തിനായി സർക്കാർ സഹകരണ ബാങ്കുകളുടെ കൺസോഷ്യം രൂപവത്കരിച്ചിരുന്നു. എന്നാൽ ഈ പദ്ധതി വിചാരിച്ച പോലെ ഫലം കണ്ടില്ല. അതേ തുടർന്നാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും പണം കടമെടുക്കാൻ തീരുമാനിച്ചത്. എന്നാൽ എത്ര ശതമാനം പലിശയ്ക്കാണ് ഈ തുക വാങ്ങുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്.
നിലവിൽ കുടിശ്ശിക വരുത്തിയിരിക്കുന്ന ക്ഷേമപെൻഷൻ ഗഡുക്കളായി കൊടുത്ത് തീർക്കാൻ സർക്കാർ 3200 കോടി രൂപയാണ് ആവശ്യം. ഇതിന് പുറമേ വരും മാസങ്ങളിൽ പെൻഷൻ മുടക്കമില്ലാതെ കൊടുക്കേണ്ടതും ഉണ്ട്. അതിനാൽ നിലവിൽ കടമെടുക്കുന്ന ആയിരം കോടി തികയാത്ത സാഹചര്യമാണ് ഉള്ളത്. അതിനാൽ ഭാവിയിലും കടമെടുക്കുന്നത് തുടർന്നേക്കും. സർക്കാർ പദ്ധതികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്ന ഏജന്റ് കൂടിയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. അതിനാലാണ് പണത്തിനായി സർക്കാർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ ആശ്രയിക്കുന്നത്.